June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 22, 2026

പറവൂര്‍ നഗരസഭക്കെതിരായ വി ഡി സതീശന്റെ നീക്കം ജനാധിപത്യ വിരുദ്ധം’; മുഖ്യമന്ത്രി

SHARE

തദ്ദേശ സ്ഥാപനങ്ങളെ മുക്ക് കയറിട്ട് നിയന്ത്രിക്കുന്ന യുഡിഎഫ് നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂര്‍ നഗരസഭാ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ ശരിയായില്ലെന്നും മുഖ്യമന്ത്രി വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.നവകേരള സദസിന് പണം അനുവദിച്ചാല്‍ സ്ഥാനം തെറിപ്പിച്ചു കളയും എന്നാണ് പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയത്. ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പിലാക്കാന്‍ സെക്രട്ടറി തീരുമാനിച്ചെങ്കിലും വി ഡി സതീശന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മൂക്ക് കയറിട്ടു നിര്‍ത്താനുള്ള ശ്രമമാണ് എറണാകുളം ജില്ലയിലെ പറവൂര്‍ മുനിസിപ്പാലിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്‍റെയടക്കം നീക്കം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസ്സിന് ഒരു ലക്ഷം രൂപ നല്‍കാനുള്ള തീരുമാനം. അങ്ങനെ പണം നല്‍കിയാല്‍ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാൻ ആവില്ല . പറവൂരില്‍ നിന്നുള്ള എം എല്‍ എ കൂടിയായ പ്രതിപക്ഷ നേതാവിന്റെ അപക്വമായ നടപടി സാധാരണ രീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.

മുനിസിപ്പല്‍ ചെയര്‍ പേഴ്സണെ ഭീഷണിപ്പെടുത്തി കൗണ്‍സില്‍ വിളിപ്പിച്ച് ഇന്നലെ ആ തീരുമാനം പിന്‍വലിപ്പിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍, നേരത്തെ തന്നെ ഔദ്യോഗികമായി അംഗീകരിച്ച തീരുമാനം നടപ്പാക്കി, പണം കൈമാറാനാണ് മുനിസിപ്പല്‍ സെക്രട്ടറി സന്നദ്ധനായത്. അതിന്‍റെ പേരില്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുമെന്ന ഭീഷണി ഉയര്‍ന്നതായും കേള്‍ക്കുന്നു.

ഇതില്‍ രണ്ടു ഗൗരവമായ പ്രശ്നങ്ങളുണ്ട്. ഒന്ന്, പ്രാദേശിക ഭരണ സംവിധാനത്തെ സങ്കുചിത ദുഷ്ടലാക്കോടെ ജനാധിപത്യ വിരുദ്ധ രീതിയിലേക്ക് വലിച്ചിഴയ്ക്കുന്നുഎന്നത്. രണ്ട്: നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം കോണ്‍ഗ്രസ്സിന്‍റെ തന്നെ പ്രാദേശിക ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അംഗീകരിക്കുന്നില്ല എന്നത്. സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താനാവാത്ത തീരുമാനമാണ് ഇതിന്റെ ഭാഗമായി സ്വീകരിച്ചത്.

ഇന്നലെ പര്യടനം നടത്തിയ വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ രണ്ടെണ്ണം യു.ഡി.എഫ് എം എല്‍ എ മാരുള്ളവയാണ്. സുല്‍ത്താന്‍ ബത്തേരിയിലെയും കല്‍പ്പറ്റയിലെയും എം എല്‍ എ മാരേ വരാതിരുന്നുള്ളൂ. നാടിനെ സ്നേഹിക്കുന്ന ജനസഹസ്രങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. മാനന്തവാടിയില്‍ ആവേശകരമായ ജനക്കൂട്ടമാണ് നവകേരള സദസ്സില്‍ അണിനിരന്നത്.ഏറ്റവും കൂടുതല്‍ യാതനകള്‍ അനുഭവിച്ച ജനതയുടെ കൂടി മണ്ണാണ് വയനാട്. ആ ജില്ലയില്‍ ഇത്രയേറെ ജനങ്ങള്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണ്? ആ പരിശോധനയില്‍ തെളിയുക സംസ്ഥാനസംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് ഇത്രയും ജനങ്ങൾ പരിപാടികളിൽ പങ്കെടുക്കുന്നത്