അസമില്‍ ട്രെയിന്‍ പാളം തെറ്റി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ കൊൽക്കത്ത-സൈറാങ് എക്‌സ്പ്രസ് പാളം തെറ്റി. ഗുവാഹത്തിക്ക് സമീപം ദിഗാരു റെയിൽവേ സ്റ്റേഷനിലാണ് ബുധനാഴ്ച രാവിലെ അപകടമുണ്ടായത്. ട്രെയിനിൻ്റെ എൻജിനും ആറ് കോച്ചുകളുമാണ് പാളം തെറ്റിയത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ചിലരുടെ പരിക്ക് ഗുരുതരമാണ്. കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സൈറാങ്ങിലേക്ക് പോകുകയായിരുന്ന 13125 നമ്പർ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. രാവിലെ 6.54ഓടെയായിരുന്നു അപകടം. സംഭവത്തെത്തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനായി കൊൽക്കത്തസൈറാങ് എക്സ്പ്രസ് ദിഗാരു സ്റ്റേഷനിൽ പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റെയിൽവേയുടെ വിശദീകരണം. സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ട്രെയിനിന്റെ വേഗം നിയന്ത്രിക്കാൻ ലോക്കോ പൈലറ്റിന് സാധിക്കാതിരുന്നതാണ് എൻജിനും അഞ്ച് കോച്ചുകളും പാളം തെറ്റാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. അതേസമയം, അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് വടക്കുകിഴക്കൻ ഫ്രോണ്ടിയർ റെയിൽവേ വക്താവ് കപിഞ്ചൽ കിഷോർ ശർമ അറിയിച്ചു. തുടർ യാത്രക്കായി പകരം ട്രെയിൻ ഏർപ്പെടുത്തി. രക്ഷാപ്രവർത്തനവും പാളം പുനഃസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

