May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 3, 2026

കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ അധികാരം നിലനിര്‍ത്താന്‍ നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയ സര്‍ക്കാര്‍’; രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍

SHARE

അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ പാടുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സഹപാഠികളുടെ അക്രമണത്തില്‍ മരണമടഞ്ഞ ഷഹബാസിന് പ്രണാമമര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഓരോ ദിവസവും കൊലപാതക വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് കേരളം ഉണരുന്നതെന്നും പ്രായഭേദമന്യേ കൊലപാതകം നടക്കുന്ന രീതിയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഏത് അക്രമങ്ങളുടെ ഉള്ളറകളിലേക്ക് കടന്നാലും വലിയ രീതിയില്‍ ലഹരി ഉപയോഗിക്കുന്നവരാണ് ഓരോ പ്രതികളുമെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സ്വന്തം വകുപ്പ് പോലും ഭരിക്കാന്‍ അറിയാത്ത പൂര്‍ണ്ണ പരാജയമായ ഒരു മുഖ്യമന്ത്രിയെ ബിംബവല്‍ക്കരിക്കാന്‍ സാധാരണക്കാരുടെ നികുതിപ്പണത്തില്‍ നിന്ന് അനേകം കോടികളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നതെന്നാണ് കെ സുധാകരന്റെ ആരോപണം. ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളിലും പിണറായി വിജയന്‍ സ്വീകരിച്ചു പോരുന്നതെന്നും കണ്‍മുമ്പില്‍ അക്രമങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളുടെയും ഊര്‍ജ്ജവും റോള്‍ മോഡലുമാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്. മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷം പ്രതികള്‍ക്കും സിപിഎം നേതാക്കളുടെ സംരക്ഷണം ഉള്ളതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ ഭയപ്പെടുകയാണ് – അദ്ദേഹം വിമര്‍ശിച്ചു. ലഹരി മാഫിയയുടെ കടിഞ്ഞാണില്ലാത്ത വ്യാപനം മൂലമാണ് കൊലപാതകങ്ങളും അക്രമങ്ങളും ഇതുപോലെ വര്‍ദ്ധിക്കുന്നതെന്നും ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിക്കാന്‍ കേരളത്തിന്റെ പൊതുസമൂഹം എല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.