June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

വൻ ഓഫറുകളോടെ സപ്ലൈകോ ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി മണ്ഡലങ്ങളിൽ സഞ്ചരിക്കുന്ന ഓണം ഫെയർ എത്തും

SHARE

 

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഒരുക്കിയ ഓണം ഫെയറിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഓണക്കാലത്ത് വിലക്കയറ്റം തടയാൻ സമഗ്രമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അല്ലലില്ലാതെ ഓണം ആഘോഷിക്കുകയാണ് ഇത്തരം ഓണം ഫെയറുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡി ഇതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എംആർപി വിലയിൽ നിന്നും അഞ്ചു മുതൽ 50 ശതമാനം വിലക്കുറവിലും സപ്ലൈകോ ഓണം ഫെയറിൽ ലഭിക്കും. ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരുലിറ്റർ 339 രൂപക്ക് ലഭിക്കും. ചെറുപയർ, ഉഴുന്ന് എന്നിവ കിലോ 90 രൂപയ്ക്കും പഞ്ചസാര കിലോ 34.94 രൂപയ്ക്കും ജയ, കുറുവ, മാവേലി മട്ട അരി കിലോ 33 രൂപ നിരക്കിലും ഇവിടെ ലഭ്യമാണ്. കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിവയ്ക്കും വൻ വിലക്കുറവാണുള്ളത്.

ഓണക്കാലത്തെ എട്ട് കിലോ സബിസിഡി അരിക്കുപുറമെ കാർഡ് ഒന്നിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും. ഇതിനുപുറമെ സെപ്റ്റംബർ മാസത്തെ ഉൽപന്നങ്ങൾ മുൻകൂറായും വാങ്ങാം. ഓണക്കാലത്ത് സപ്ലൈകോ വിൽപന ശാലകളിൽ 32 പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ ഉൽപന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും 10 മുതൽ 50 ശതമാനം വരെ വിലക്കുറവുമുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവർ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഉൽപന്നങ്ങൾക്കാണ് ഈ ഓഫർ. സോപ്പ്, ഡിറ്റർജന്റുകൾ, ബ്രാൻഡഡ് ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ എന്നിവയ്ക്കും ഓഫറുകളുണ്ട്.

ആകർഷകമായ സമൃദ്ധി കിറ്റും ശബരി സിഗ്നേച്ചർ കിറ്റും

ഓണത്തെ വരവേൽക്കാൻ സപ്ലൈകോയുടെ കിറ്റുകളും വിപണിയിലുണ്ട്. ജീവനക്കാർക്ക് ഓണസമ്മാനങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും റസിഡൻറ്‌സ് അസോസിയേഷനുകൾക്കും ദുർബല വിഭാഗങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്ന വെൽഫെയർ സ്ഥാപനങ്ങൾക്കും സപ്ലൈകോയുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കാം. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളും റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബ്ബുകളും ഈ പദ്ധതിയിൽ സപ്ലൈകോയുമായി കൈകോർത്തിട്ടുണ്ട്. 1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ഒൻപത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്. സമൃദ്ധി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ ഗോൾഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞൾപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർ പൊടി, ആശീർവാദ് ആട്ട, ശർക്കര പൊടി, കിച്ചൻ ട്രഷേഴ്സ് മാങ്ങ അച്ചാർ, കടല എന്നിവയും സമൃദ്ധി മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, ശബരി ബ്രാൻഡിലെ കടുക്, മഞ്ഞൾപ്പൊടി, പായസം മിക്സ്, മിൽമ നെയ്യ്, കിച്ചൻ ട്രഷേഴ്സ് സാമ്പാർപൊടി, ശർക്കര പൊടി എന്നിവയുമാണ് ഉൾക്കൊള്ളുന്നത്. ശബരി സിഗ്‌നേച്ചർ കിറ്റിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, സാമ്പാർ പൊടി, രസം പൊടി, ഉലുവ, കടുക്, പായസം മിക്സ്, പുട്ടുപൊടി എന്നിവയുമാണുള്ളത്.

നിത്യോപയോഗ സാധനങ്ങൾക്കൊപ്പം ഗിഫ്റ്റ് കാർഡുകൾ

ഇതോടൊപ്പം 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം. 500 രൂപയുടെ മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ശബരി കുട/ വാട്ടർബോട്ടിൽ എന്നിവ സമ്മാനമായി ലഭിക്കും. സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽനിന്നും ഈ കാലയളവിനുള്ളിൽ 1000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിന കൂപ്പണുകൾക്കൊപ്പം ജില്ലാതല സമ്മാനപദ്ധതി പ്രകാരമുള്ള കൂപ്പണുകളും ലഭിക്കും. മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയോടൊപ്പം ശേഷിക്കുന്ന മൂല്യത്തിന് ഉൽപന്നങ്ങൾ വാങ്ങിയാലും ഈ കൂപ്പൺ നേടാം. ലക്കി ഡ്രോയിലൂടെ വിജയികളാകുന്ന ഒരാൾക്ക് ഒരു പവന്റെ സ്വർണ നാണയം, രണ്ടുപേർക്ക് ലാപ്‌ടോപ്, മൂന്ന് പേർക്ക് സ്മാർട്ട് ടി വി തുടങ്ങിയ സമ്മാനങ്ങളും സപ്ലൈകോ നൽകുന്നുണ്ട്. രാവിലെ 10 മണി മുതൽ രാത്രി എട്ട് വരെയാണ് വിൽപന. സപ്ലൈകോ ഓണം ഫെയർ സെപ്റ്റംബർ നാലിന് അവസാനിക്കും.