ഫിഗർ 03: മനുഷ്യനെ സഹായിക്കാനായി എത്തുന്നു ‘ചിട്ടി’യെപോലൊരു ഹ്യുമനോയിഡ് റോബോട്ട്

ചെടികൾക്ക് വെള്ളം നനയ്ക്കുക, മുറി വൃത്തിയാക്കുക, ഭക്ഷണം വിളമ്പുക, പാത്രങ്ങൾ കഴുകുക, വസ്ത്രങ്ങൾ മടക്കി വെയ്ക്കുക മുതലായ ദൈനംദിന ജീവിതത്തിലെ ജോലികൾ ചെയ്യാൻ ഒരു റോബോട്ട് എത്തുന്നു. ഫിഗർ എഐ എന്ന ഹ്യൂമനോയിഡ് റോബോട്ടുകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് ഫിഗർ 03 എന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ പിന്നിൽ.
ഫിഗർ 03 റോബോട്ടിന്റെ ചിത്രവും ഫിഗർ എ ഐ പുറത്തുവിട്ടിട്ടുണ്ട്. “നിങ്ങളുടെ വീട്ടിലെ മിക്ക കാര്യങ്ങളും, സ്വയം മനസ്സിലാക്കി, ദിവസം മുഴുവൻ റോബോട്ടിന് ചെയ്യാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു… ഞങ്ങൾ ഇതുവരെ അവിടെ എത്തിയിട്ടില്ല. 2026 ൽ ഞങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്താൻ കഴിയുമെന്ന് കരുതുന്നു, അത് ഒരു വലിയ മുന്നേറ്റമായിരിക്കും.” ഫിഗർ എ ഐയുടെ സിഇഒയും സ്ഥാപകനുമായ ബ്രെറ്റ് അഡ്‌കോക്ക് ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കാലിഫോർണിയ ആസ്ഥാനമാക്കിയാണ് ഫിഗർ എഐ പ്രവർത്തിക്കുന്നത്. ഫിഗർ എ ഐ സ്വന്തമായി വികസിപ്പിച്ചെടുത്ത AI മോഡലായ ഹെലിക്സാണ് ഫിഗർ 03നെ പ്രവർത്തിക്കാൻ സഹായിക്കുന്നത്. മനുഷ്യരിൽ നിന്ന് തുടർച്ചയായി പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് ഫിഗർ 03ന്റെ മറ്റൊരു സവിശേഷത.
ഫിഗർ 03ന്റെ ഒരു ഡെമോ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്. സ്വീകരണമുറിയിൽ നിന്ന് ഒരു കപ്പും പാത്രവും എടുത്ത് കഴുകുന്നതിനായി അടുക്കളയിലെ സിങ്കിലേക്ക് റോബോട്ട് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. 5 അടി 8 ഇഞ്ച് ഉയരവും 61 കിലോഗ്രാം ഭാരവുമാണ് റോബോട്ടിനുള്ളത്.


