November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ഇൻഡിഗോ നവംബർ 30 വരെ നിർത്തിവച്ചത് സൗദിയിലെ നാലിടങ്ങളിലേക്കുള്ള സർവീസുകൾ; യാത്രക്കാരെ ബന്ധപ്പെടുന്നുണ്ടെന്ന് എയർലൈൻ.

SHARE

നവംബർ 30 വരെ സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ഇൻഡിഗോ. സൗദിയിലെ നാല് നഗരങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളുമാണ് റദ്ദാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ളവർ ധാരാളമായുള്ള ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നൽകിയ വിവരങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് സ്വന്തമാക്കിയിരുന്ന യാത്രക്കാരെ ബന്ധപ്പെടുന്നുണ്ടെന്ന് എയർലൈൻ അറിയിച്ചു.സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇൻഡിഗോയുടെ തീരുമാനം. സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി. പ്രധാന നഗരങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾ മേഖലയിലെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചു. ഇതിന്റെ ഭാഗമായി പല കമ്പനികളും വിമാന സർവീസുകൾ റദ്ദാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.സൗദി അറേബ്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും യാത്ര മുടങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും എയർലൈൻ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ വഴി സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.മറ്റ് വിമാനക്കമ്പനികളും സൗദി അറേബ്യയിലേക്കുള്ള സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദിലേക്കും ദമ്മാമിലേക്കുമുള്ള സർവീസുകൾ നവംബർ 30 വരെ നിർത്തിവച്ചു. ജിദ്ദയിലേക്കുള്ള സർവീസുകൾ മറ്റൊരു സമയക്രമമനുസരിച്ചാണ് നിർത്തിവച്ചിരിക്കുന്നത്. ആകാശ എയറും ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം അവസാനം വരെ റദ്ദാക്കി.സാഹചര്യം കണക്കിലെടുത്ത് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ചില വിമാനക്കമ്പനികൾ സൗദിയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചപ്പോൾ മറ്റു കമ്പനികൾ സർവീസുകൾ പുനരാരംഭിക്കുകയോ സമയക്രമം കുറയ്ക്കുകയോ ചെയ്തു. സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് സർവീസുകളിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവരോ അവിടെ നിന്ന് വരുന്നവരോ ആയ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി (flight status) എയർലൈനുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.