ഫാത്തിമ തെഹ്‌ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദം: ടി പി രാമകൃഷ്ണന് നോട്ടീസ്.

SHARE

പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ് ലിയയ്‌ക്കെതിരായ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടര്‍ ടി പി രാമകൃഷ്ണന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ യുഡിഎഫ് പേരാമ്പ്ര പൊലീസിലും പരാതി നല്‍കിയിരുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഇത് വരുന്നതെന്ന് കാട്ടി പരാതി മേപ്പയ്യൂരിലേക്ക് മാറ്റി. എങ്കിലും സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. കെഎസ്‌യു ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതിലും നടപടിയെടുത്തിട്ടില്ല. എന്നാല്‍ സംഭവവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ടി പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. സമുദായ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള അനൗണ്‍സ്‌മെന്റാണ് നടന്നതെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.വിഷയത്തില്‍ ടി പി രാമകൃഷ്ണന് ഡെപ്യൂട്ടി കളക്ടര്‍ക്ക് രേഖാമൂലം വിശദീകരണം നല്‍കേണ്ടി വരും. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ ഫാത്തിമ തെഹ്‌ലിയ സമുദായം പറഞ്ഞ് വോട്ടുതേടുന്നു എന്നതുള്‍പ്പെടെ പറഞ്ഞുകൊണ്ടായിരുന്നു വിവാദ അനൗണ്‍സ്‌മെന്റ്. അനൗണ്‍സ്‌മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും എല്‍ഡിഎഫ് അനൗണ്‍സ്‌മെന്റ് ദുരുദ്ദേശപരമാണെന്നുമാണ് യുഡിഎഫിന്റെ വിമര്‍ശനം.