ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാൻ അടുക്കളയിലെ ഈ സാധനം മതി

മിക്ക വീടുകളിലേയും പ്രധാന പ്രശ്നമാണ് ഫ്രിഡ്ജിനുള്ളുലെ ദുർഗന്ധം. ഭക്ഷണസാധനങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നതിനാൽ പലപ്പോഴും മീൻ, ഇറച്ചി, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ ഗന്ധം ഫ്രിഡ്ജിനുള്ളിൽ തങ്ങിനിൽക്കാറുണ്ട്. എത്ര വൃത്തിയാക്കിയാലും ചിലപ്പോൾ ഈ മണം മാറുകയുമില്ല. എന്നാൽ, അടുക്കളയിൽ എപ്പോഴും ഉള്ള ഒരു സാധനം ഉപയോഗിച്ച് ഫ്രിഡ്ജിലെ ദുർഗന്ധം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അതാണ് ബേക്കിങ് സോഡ.
ദുർഗന്ധം ആഗിരണം ചെയ്യാൻ കഴിവുള്ള ബേക്കിങ് സോഡ ഫ്രിഡ്ജിനുള്ളിലെ മോശം മണം കുറയ്ക്കാൻ സഹായിക്കും. ഇതിനായി ഒരു ചെറിയ തുറന്ന പാത്രത്തിൽ രണ്ടോ മൂന്നോ ടേബിൾസ്പൂൺ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിന്റെ ഒരു ഭാഗത്ത് വെച്ചാൽ മതി. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും. പാത്രം അടച്ചുവെക്കരുത്. വായുവുമായി സമ്പർക്കം ഉണ്ടാകുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ.
ബേക്കിങ് സോഡ മാറ്റാൻ മറക്കരുതേ…
ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന ബേക്കിങ് സോഡ ഇടയ്ക്കിടെ മാറ്റേണ്ടതുണ്ട്. ഏകദേശം ഒന്ന് മുതൽ മൂന്ന് മാസം വരെയുള്ള ഇടവേളയിൽ പുതിയത് വെക്കാം. ഫ്രിഡ്ജിൽ ദുർഗന്ധം കൂടുതലാണെങ്കിൽ നേരത്തെ തന്നെ മാറ്റുന്നതാണ് നല്ലത്.
ഫ്രിഡ്ജ് വൃത്തിയാക്കുന്നതും പ്രധാനം
ബേക്കിങ് സോഡ മാത്രം ഉപയോഗിച്ചാൽ എല്ലാ ദുർഗന്ധവും മാറണമെന്നില്ല. ചീഞ്ഞ ഭക്ഷണസാധനങ്ങളും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും ഫ്രിഡ്ജിൽനിന്ന് നീക്കം ചെയ്യണം. ഭക്ഷണസാധനങ്ങൾ അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുന്നതും നല്ലതാണ്. ഫ്രിഡ്ജിന്റെ അകത്തെ ഭാഗങ്ങളും ഷെൽഫുകളും ഇടയ്ക്കിടെ വൃത്തിയാക്കണം.
നാരങ്ങയും പരീക്ഷിക്കാം
ഫ്രിഡ്ജിലെ നേരിയ ദുർഗന്ധം കുറയ്ക്കാൻ നാരങ്ങയുടെ കഷ്ണങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത് ദുർഗന്ധത്തിന്റെ ഉറവിടം ഇല്ലാതാക്കുന്നില്ല. അതിനാൽ ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനൊപ്പം മാത്രമേ ഇത്തരം മാർഗങ്ങൾ പരീക്ഷിക്കാവൂ.
ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിനുള്ളിൽ അസഹ്യമായ മണം തങ്ങിനിൽക്കുന്നത് ഒഴിവാക്കാം. ഭക്ഷണസാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കുകയും ഫ്രിഡ്ജ് പതിവായി വൃത്തിയാക്കുകയും ചെയ്യുന്നതാണ് ദുർഗന്ധം തടയാനുള്ള ഏറ്റവും നല്ല മാർഗം.

