ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി വിൻഫാസ്റ്റ് VF5

ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി വിയറ്റ്നാം വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ (VinFast) ഇലക്ട്രിക് എസ്‌യുവിയായ VF5-ന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. നഗരയാത്രകളെ ലക്ഷ്യമിട്ടാണ് വാഹനത്തിന്റെ പുതിയ പതിപ്പ് രംഗത്തിറക്കിയിരിക്കുന്നത്.
പുതിയ VF5-ന്റെ മുൻഭാഗത്ത് നിലവിലെ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്ലിം ആയ ഹെഡ്‌ലാമ്പുകളാണുള്ളത്. പുതിയ ബോണറ്റ്, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവയും വാഹനത്തിന് കൂടുതൽ ആധുനികമായ രൂപം നൽകുന്നുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും പുതിയ പതിപ്പിൽ ലഭിക്കും.
കാറിന്റെ അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങളുണ്ട്. കൂടുതൽ നിവർന്ന രൂപത്തിലുള്ള പുതിയ ഡാഷ്‌ബോർഡും വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ലഭിക്കും. പുതിയ രണ്ട് സ്‌പോക്ക് സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത. റോട്ടറി ഡ്രൈവ് സെലക്ടർ, രണ്ട് കപ്പ് ഹോൾഡറുകൾ, ലെതറെറ്റ് സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയും ഇന്റീരിയറിലെ മാറ്റങ്ങളാണ്.
29.6 kWh ബാറ്ററി വാഹനത്തിൽ 90 hp കരുത്തും 135 Nm ടോർക്കും ഉത്പാദിപ്പിക്കും. 268 കിലോമീറ്റർ റേഞ്ച് ആണ് അവകാശപ്പെടുന്നത്. 37.23 kWh ബാറ്ററി വാഹനത്തിൽ 136 hp കരുത്തും 135 Nm ടോർക്കും ഉത്പാദിപ്പിക്കും. 326 കിലോമീറ്റർ റേഞ്ച് ആണ് അവകാശപ്പെടുന്നത്.
പുതിയ VF5 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലും ഉടൻ അവതരിപ്പിക്കുമെന്നാണ് കമ്പനിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഏകദേശം 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

