കുട്ടികള്‍ സ്വയം പ്രാപ്തിനേടണം- ജില്ലാ കലക്ടർ

പഠനവേളയില്‍ തന്നെ കുട്ടികള്‍ സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തി നേടണമെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. കലക്ട്രേറ്റില്‍ പ്രതിവാരം കളം സംവാദ പരിപാടിയില്‍ നടുവില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെയും കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരിപഠനത്തിനുള്ള മേഖലകള്‍ തിരിച്ചറിയുകയും അതിനോടുള്ള താല്പര്യങ്ങളെ പിന്തുടരുകയും ചെയ്യുകയെന്നതാണ് പ്രധാനം. ശരിയായ തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിക്കുറവുകളാണ് പല വീഴ്ചകള്‍ക്കും പിന്നിലുള്ളത്. പാളിപ്പോയ ചില തീരുമാനങ്ങള്‍ തെറ്റാണെന്ന ബോധ്യവും അതിനെ തിരുത്താനുള്ള മറ്റൊരു അവസരവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാകും. പരിമിതികള്‍ ഒന്നിനുമില്ല. ലൂയി ബ്രയിലിയെ പോലെയുള്ളവര്‍ ലോകത്തെ മാറ്റി മറിച്ചത് പരിമിതികളെയും മറികടന്നുള്ള പരിശ്രമത്തിലൂടെയാണ്. കാഴ്ച പരിമിതികളുള്ള അനേകം പേര്‍ക്ക് ഈ ലോകത്തെ കാണിച്ചുകൊടുത്തത് ബ്രെയിലി ലിപിയുടെ ആവിര്ഭാവത്തോടെയാണെന്നും ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. ദുരന്ത ലഘൂകരണ പ്രക്രിയകളിലെ മാനുഷിക പ്രതികരണം തുടങ്ങി ജില്ലാ ഭരണകൂടത്തിന്റെ വിവിധ ഭരണനിര്‍വ്വഹണ നടപടികള്‍ ജില്ലാ കലക്ടര്‍ കുട്ടികളോട് വിശദീകരിച്ചു. കുട്ടികളുടെ ആശയങ്ങള്‍ എന്തുമാകട്ടെ.. ചെറുതായാലും വലുതായാലും കുഴപ്പമില്ല. കാമ്പുണ്ടെങ്കില്‍ ഇത്തരം ആശയങ്ങൾ സാക്ഷാത്കരിക്കാന്‍ കളം തയ്യാറാണ്. കുട്ടികള്‍ക്ക് ജില്ലാ ഭരണകൂടവുമായി ആശയങ്ങള്‍ പങ്കുവെക്കാനും അവസരം കൂടിയാണ് കളം നല്‍കുന്നത്. ജില്ലയുടെ വികസന സംബന്ധിയായതും ദീര്‍ഘവീക്ഷണമുള്ളതുമായ കുട്ടികളുടെ കാഴ്ചപ്പാടുകൾ ഭരണ നിര്‍വ്വഹണത്തിന്റെ മറ്റൊരു അധ്യായമായി മാറ്റുകയാണ് കളം പരിപാടിയിലൂടെ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്. ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ക്ക് പകരം കുട്ടികള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കുന്ന ബഹുമുഖ സംവാദത്തിലൂടെയാണ് കളം ഇന്ററാക്ടീവ് സെഷന് മുന്നേറുന്നത്. കുട്ടികള്‍ പങ്കുവെക്കുന്ന പരാതികളിലും പരിഹാരം കാണുകയെന്നതാണ് കളത്തിന്റെയും ഉത്തരവാദിത്തമെന്ന് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. ഇതിനകം നാനൂറിലധികം പോസ്റ്റ് കാര്‍ഡുകളില്‍ കുട്ടികള്‍ അവരുടെ അഭിപ്രായങ്ങളും പരാതികളും ജില്ലാ കലക്ടറുമായി പങ്കുവെച്ചു. പൊതു വിഷയങ്ങള്‍, സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ , യാത്രക്ലേശങ്ങള്‍, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നാനാവിധത്തിലായിരുന്നു കുട്ടികളുടെ പരാതികള്‍. എം ആര് എസ് സ്കൂളുമായി ബന്ധപ്പെട്ട് കുട്ടികള്‍ കളത്തിലുയര്ത്തിയ പരാതികളില്‍ അന്വേഷണവും നടപടികളും സ്വീകരിച്ചിരുന്നു. ഇതിനായുള്ള പ്രത്യേക തുടര്‍യോഗങ്ങളും വിലയിരുത്തലുകളും നടന്നിരുന്നു.
അസിസ്റ്റന്റ് കലക്ടര്‍ എസ്.സ്വാതിയുടെ നേതൃത്വത്തിലാണ് പ്രതിവാര കളം പരിപാടി ഏകോപനം. ജില്ലാ കലക്ടറുടെ ഇന്റേണര്ഷിപ്പ് ടീം കളത്തില്‍ വിദ്യാര്‍ത്ഥികളുമായുള്ള വിവിധ സെഷനുകളില്‍ ക്ലാസ്സെടുക്കുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍ക്കാണ് കളത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നത്. ഒരേ സമയം ഒരാഴ്ച രണ്ടുവിദ്യാലയങ്ങളില് നിന്നുള്ള 40 വിദ്യാര്‍ത്ഥികള്‍ക്ക് കളത്തില്‍ പങ്കെടുക്കാം.

