ഷുക്കൂർ വധക്കേസിലെ വിധി സിപിഎമ്മിൻ്റെ കിരാത രാഷ്ട്രീയ ശൈലിക്കുള്ള താക്കീത്: അഡ്വ. മാർട്ടിൻ ജോർജ്.

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐ കോടതി വിധി സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിനുള്ള താക്കീതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഏതാനും പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിൽ വ്യക്തമാണ്. കൊലപാതകത്തിന് പിന്നിൽ നടന്ന ഗൂഢാലോചന തെളിയിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടെങ്കിലും കേരളത്തെ നടുക്കിയ ഈ കൊലപാതകത്തിൻ്റെ പാപക്കറയിൽ നിന്ന് സിപിഎം നേതാക്കൾക്ക് കൈ കഴുകി പോകാൻ പറ്റില്ല . നീതി ഉറപ്പാക്കാനുള്ള ഷുക്കൂറിൻ്റെ കുടുംബത്തിൻ്റെയും മുസ്ലിംലീഗ് നേതൃത്വത്തിൻ്റെയും നിയമപോരാട്ടങ്ങൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പൂർണ പിന്തുണയുണ്ടാകും.
കേസിൽ നിരവധി സാക്ഷികൾ കോടതിയിൽ ഹാജരാകാതിരുന്നതും ഹാജരായവരിൽ പലരും ഭീഷണി നേരിട്ടതും വിചാരണയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. സിപിഎം പ്രവർത്തകർ സാക്ഷികളെ സ്വാധീനിക്കുകയും വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭയം കാരണം പലരും കോടതിയിൽ മൊഴി നൽകാൻ തയ്യാറായില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തി വിചാരണയെ സ്വാധീനിച്ച സാഹചര്യം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
കേസിൽ ചിലരെ കോടതി വെറുതെവിട്ടത് സിപി എം നേതാക്കൾ വല്ലാതെ ആഘോഷിക്കേണ്ട കാര്യമില്ല. പാർട്ടി ഭാരവാഹി ത്വമുള്ളവരടക്കം ഈ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കാര്യം ഇതിലൂടെ തമസ്കരിക്കാൻ ശ്രമിക്കേണ്ടതില്ല.
ഷുക്കൂറിൻ്റെ കുടുംബത്തിനു നീതി ലഭ്യമാക്കാൻ നിയമപരമായുള്ള പോരാട്ടങ്ങൾക്ക് ജനാധിപത്യ വിശ്വാസികളുടെ പൂർണ പിന്തുണ തുടർന്നു മുണ്ടാകുമെന്നും അഡ്വ. മാർട്ടിൻ ജോർജ് വ്യക്തമാക്കി.

