വൈദ്യുതി ബിൽ അടയ്ക്കാത്തതിനെച്ചൊല്ലിയുള്ള തർക്കം; മകൻ്റെ ക്രൂരമർദനമേറ്റ മാതാവ് ജീവനൊടുക്കി.

നാദാപുരം ഇരിങ്ങണ്ണൂരിൽ വൈദ്യുതി ബിൽ അടയ്ക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകൻ്റെ ക്രൂരമർദനമേറ്റ മാതാവ് ജീവനൊടുക്കി. ഇരിങ്ങണ്ണൂർ പോത്തേരി വീട്ടിൽ പി. സുഹറ (59) ആണ് മരിച്ചത്. സംഭവത്തിൽ മകൻ യാസിറിനെതിരെ പോലീസ് കേസെടുത്തു.
വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി സുഹറ മകൻ യാസിറിന് പണം നൽകിയിരുന്നു. എന്നാൽ ഇയാൾ ബിൽ അടയ്ക്കാതെ പണം സ്വന്തം ആവശ്യങ്ങൾക്കായി ചെലവാക്കി. ബിൽ കുടിശ്ശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിൽ നിന്നും വിളിവന്നതോടെ സുഹറ ഇക്കാര്യം മകനോട് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിൽ പ്രകോപിതനായ യാസിർ നവംബർ 17-ന് രാത്രി സുഹറയെ ക്രൂരമായി മർദിച്ചതായാണ് പോലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സുഹറയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയും, ഇടതുകൈ പിടിച്ച് തിരിക്കുകയും, വയറ്റിൽ ചവിട്ടുകയും ചെയ്തു.
മർദനത്തിൽ പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് നേരത്തെ തന്നെ യാസിറിനെതിരെ കേസെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

