ഇന്ത്യൻ സിനിമയുടെ ‘ബിഗ് ബി’, പിറന്നാള്‍ നിറവിൽ അമിതാഭ് ബച്ചൻ

അലഹബാദിലായിരുന്നു ‘ഇൻക്വിലാബ് ശ്രീവാസ്തവ’യുടെ ജനനം. ദില്ലിയിൽ കുറച്ചുകാലം ചെലവഴിച്ചശേഷം ജോലി ആവശ്യങ്ങൾക്കായി കൊൽക്കത്തയിലേക്ക്. ഒടുവിൽ സിനിമാ സ്വപ്നങ്ങളുമായി മുംബൈയിൽ. തുടക്കത്തിൽ പരാജയത്തിന്റെ കയ്പ്പുനീർ നന്നേ കുടിച്ചു. പക്ഷേ തോറ്റുമടങ്ങാൻ അയാൾക്കാവില്ലായിരുന്നു, കാരണം കാലം അയാൾക്കായി കാത്തുവെച്ചത് ഇന്ത്യൻ സിനിമയുടെ ‘ബിഗ് ബി’ എന്ന ടൈറ്റിലായിരുന്നു. തോറ്റുവീഴാതെ, നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ഇന്ത്യകണ്ട ഇതിഹാസ താരങ്ങളിൽ ഒരാളായി മാറിയ ദി വൺ എൻഡ് ഓൺലി അമിതാഭ് ബച്ചൻ.
‘സാത് ഹിന്ദുസ്ഥാനി’യാണ് അമിതാഭ് ബച്ചന്റേതായി ആദ്യം റിലീസായ ചിത്രം. അവിടെനിന്നും ‘ദി ആൻഗ്രി യങ് മാനി’ലേക്ക് ബച്ചൻ ചേക്കേറി. 1970കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ ‘സഞ്ജീർ, ദിവാർ, ഷോലെ’ തുടങ്ങിയ ചിത്രങ്ങൾ ബച്ചനെ പ്രശസ്തനാക്കി. അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ 190 ലധികം സിനിമകൾ. ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ “വൺ-മാൻ ഇൻഡസ്ട്രി” എന്ന് വിളിച്ചത് വെറുതെയായിരുന്നില്ല. ഒരു കാലത്ത് ബോളിവുഡ് എന്നാൽ അത് അമിതാഭ് ബച്ചൻ എന്നായിരുന്നു.
പ്രശസ്ത ഹിന്ദി കവി ഡോ. ഹരിവംശ്റായ് ബച്ചനാണ് അമിതാഭ് ബച്ചന്റെ പിതാവ്. അമ്മ സാമൂഹിക പ്രവർത്തകയായ തേജി ബച്ചൻ. ഇൻക്വിലാബ് സിന്ദാബാദ്’ എന്ന വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇൻക്വിലാബ് എന്ന് ഹരിവംശ്റായ് മകന് പേരിട്ടത്. പിന്നീട് അദ്ദേഹം തന്നെ അമിതാഭ് എന്നാക്കി മാറ്റുകയായിരുന്നു.
തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ബോളിവുഡിലെ പുതുമുഖം ആയിരുന്ന ബച്ചൻ പിടിച്ചുനിൽക്കാൻ നന്നേ പാടുപെട്ടു. അപ്പോഴാണ് സലിം ഖാനും ജാവേദ് അക്തറും സഞ്ജീർ എന്ന സിനിമയ്ക്കായി ഒരു “ക്ഷുഭിത യുവാവിനെ” തേടിയത്. അക്കാലത്ത് റൊമാന്റിക് ഹീറോ” ഇമേജ് കെട്ടിപ്പടുക്കാനായിരുന്നു താരങ്ങൾക്കിഷ്ടം. അതുകണ്ടുതന്നെ ആൻഗ്രി മാനാകാൻ അവരാരും ധൈര്യപ്പെട്ടില്ല. അത് അനുഗ്രഹമായതാകട്ടെ ബച്ചനും. താമസിയാതെ സലിം-ജാവേദ് സംഘം ബച്ചനിലേക്കെത്തി. ഏറ്റവും ഭംഗിയായി ആ കഥാപാത്രത്തെ ബച്ചൻ തിരശീലയിലേക്ക് പകർത്തിവെച്ചു. അമിതാഭ് ബച്ചനെന്ന താരത്തിന്റെ കൂടി പിറവിയായിരുന്നു അത്. പിന്നീടങ്ങോട്ട് എണ്ണം പറഞ്ഞ സിനിമകൾ.
1975 ൽ, അടിയന്തരാവസ്ഥകാലത്ത് പുറത്തിറങ്ങിയ ഷോലെ, അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു. 1970 കളിലും 1980 കളിലും ബോളിവുഡിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. ദിവാർ, ഷോലെ സിനിമകൾക്ക് അതിൽ നിർണായകപങ്കുണ്ടായിരുന്നു. കഭി കഭി എന്ന സിനിമ ദി ആൻഗ്രി യങ് മാനിൽ നിന്ന് റമാന്റിക് ഹീറോയിലേക്ക് ബച്ചനെ പറിച്ചുനട്ടു.
പിന്നീട് വന്ന അമർ അക്ബർ ആന്റണിയും പർവാരിഷ്, ഖൂൻ പസീന, ഡോൺ, മിസ്റ്റർ നട്‌വർലാൽ, കാലാ പഥർ, ദി ഗ്രേറ്റ് ഗാംബ്ലർ, മൻസിൽ, ദോസ്താന, ബർസാത് കി ഏക് രാത്ത് എന്നവയും മികച്ച വിജയങ്ങളായി. വേറെയുമുണ്ട് അനേകം. 1984 മുതൽ 1987 വരെ ബച്ചൻ രാഷ്ട്രീയത്തിലും രു പരീക്ഷണം നടത്തി. 88ലാണ് സിനിമയിലേക്ക് മടങ്ങിവരുന്നത്. 92ൽ വീണ്ടും അപ്രത്യക്ഷനായി. അഞ്ചുവർഷക്കാലം ബച്ചൻ സിനിമകളിൽ നിന്നകന്നുനിന്നു.

