October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് അതീവ ജാഗ്രതയിൽ, മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം

SHARE

അപൂർവ്വ രോഗമായ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.കുഞ്ഞിൻ്റെ വീട്ടിലെ കിണർ വെള്ളത്തിൽ രോഗത്തിന് കാരണമായ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അധികാരികളെ ആശങ്കയിലാക്കുന്നത്. കിണർ വെള്ളമാണ് രോഗത്തിൻ്റെ ഉറവിടമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് സമീപപ്രദേശങ്ങളിലെ കിണറുകൾ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതോടൊപ്പം രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ ഒരു യുവാവും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഈ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒൻപതു വയസ്സുകാരി മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകൾ ഉൾപ്പെടെ കൂടുതൽ പേരുടെ പരിശോധനകൾ മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്. ജലത്തിലൂടെ പകരുന്നതും വളരെ വേഗത്തിൽ ജീവന് ഭീഷണിയാകുന്നതുമായ ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ചും അത് തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അധികൃതർ വ്യക്തമാക്കുന്നു.