August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 24, 2026

വെള്ളാർമല സ്കൂള്‍ തിരികെ വേണമെന്ന് അനന്യ; എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി റിയാസ്

SHARE

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പൂർണമായും തിരികെ നൽകുമെന്ന് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനന്യക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ്. റിപ്പോർട്ടർ ടിവിയിലൂടെ അനന്യയോട് സംസാരിക്കവെയാണ് മന്ത്രി വാക്ക് നല്‍കിയത്. നാട്ടുകാരാണ് വെള്ളാര്‍മല സ്കൂള്‍ നയിച്ചത്. ആ സ്കൂളിന്‍റെ പുരോഗതിക്കുവേണ്ടി അധ്യാപകരും നാട്ടുകാരും വലിയ പരിശ്രമങ്ങളാണ് നടത്തിയത്. വിജയശതമാനം വര്‍ധിച്ചതും അതിന്‍റെ ഭാഗമാണ്. എല്ലാകാര്യങ്ങളും ചര്‍ച്ചചെയ്ത് മുന്നോട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒപ്പമുണ്ടെന്നും അനന്യക്ക് മന്ത്രി ഉറപ്പു നല്‍കി. വെള്ളാർമല സ്‌കൂൾ പുതുക്കിപ്പണിയുമെന്ന് മന്ത്രി കെ രാജനും ഉറപ്പ് നൽകി. റിപ്പോർട്ടർ ‘പാഠം ഒന്ന് അതിജീവനം’ എന്ന ലൈവത്തോണിലാണ് മന്ത്രി കെ രാജൻ പ്രദേശവാസികൾ കേൾക്കെ ഉറപ്പ് നൽകിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമ്പോഴുള്ള തന്റെ അനുഭവങ്ങൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി കെ രാജൻ ജനങ്ങൾക്ക് ഉറപ്പ് നൽകിയത്. ചൂരൽമലയിൽ ചെന്നത് മുതൽ എല്ലാ ദിവസവും ഈ സ്‌കൂളിന്റെ വിശേഷങ്ങൾ താൻ കേൾക്കുന്നതാണ്. തത്കാലം പഠനം മുടങ്ങാതിരിക്കാനാണ് സർക്കാർ ശ്രദ്ധകൊടുക്കുന്നതെന്നും ഉടൻ തന്നെ കുട്ടികളെ വേറെ സ്‌കൂളിലേക്ക് മാറ്റുമെന്നും പറഞ്ഞ മന്ത്രി പൊതുജനങ്ങളുടെ അഭിപ്രായം കേട്ടും വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ പരിഗണിച്ചും സ്‌കൂൾ പുതുക്കിപ്പണിയുമെന്ന് ഉറപ്പ് നൽകി. ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.