സ്പാനിഷ് താരത്തിന്റെ മരണത്തിനിടയാക്കിയ കൂട്ടിയിടി; ആൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോയ്ക്ക് 12 മത്സരങ്ങളിൽ വിലക്ക്

ഫുട്ബോൾ മൈതാനത്തെ ഒരു നിമിഷത്തെ കൂട്ടിയിടിയിൽ അവസാനിച്ചത് ഒരു ജീവിതമാണ്. സ്പാനിഷ് ഫുട്ബോളിൽ താരത്തിന്റെ മരണത്തിനിടയാക്കിയ അപകടകരമായ കൂട്ടിയിടിയെ തുടർന്ന് ആൻഡോറ ഗോൾകീപ്പർ ജീസസ് ഒവോനോയ്ക്ക് 12 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ടെനറൈഫ് സ്ട്രൈക്കർ ജീസസ് ഡി മിഗ്വലിന്റെ മരണത്തെ തുടർന്നാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയുടെ നടപടി. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് വെള്ളിയാഴ്ച അച്ചടക്ക സമിതി വിലക്ക് പ്രഖ്യാപിച്ചത്. നവംബർ രണ്ടിന് ടെനറൈഫിൽ നടന്ന മത്സരത്തിനിടെയായിരുന്നു ദാരുണമായ സംഭവം. മൈതാനത്തിന്റെ മധ്യഭാഗത്ത് ഉയർന്നുവന്ന പന്ത് പിന്തുടരുകയായിരുന്ന ഡി മിഗ്വലിനെ ഗോൾപോസ്റ്റിന് പുറത്തേക്ക് ഓടിയെത്തിയ ഒവോനോ നെഞ്ചിൽ ഇടിക്കുകയായിരുന്നു. അപകടകരമായ രീതിയിലുള്ള കൂട്ടിയിടിയിൽ ഡി മിഗ്വലിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് അദ്ദേഹം മരിച്ചു. കൂട്ടിയിടിയിൽ അമിതമായ ബലപ്രയോഗം നടത്തിയെന്നാണ് ഒവോനോയ്ക്കെതിരായ അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. സംഭവത്തിൽ താരത്തിന് റെഡ് കാർഡും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 12 മത്സരങ്ങളിൽ നിന്ന് വിലക്കിയത്. അതേസമയം, സംഭവത്തിൽ സ്പാനിഷ് പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് നിയമപ്രകാരം അപകടങ്ങൾ ഉൾപ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടതുണ്ട്.

