September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

‘ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

SHARE

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്കും വനിതാ എസ്‌ഐക്കും എതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്. പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ്‌ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അതേസമയം അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതി ഗൗരവമുള്ളതല്ലെന്നും പൊലീസ് പറയുന്നു. അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചത്. തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് അൻസിബയെയും ലക്ഷ്മിപ്രിയയെയും ചോദ്യം ചെയ്തിരുന്നു. പുറമേ വനിത എസ്‌ഐയായ രേഷ്മയുടെയും മൊഴിയെടുത്തു. പിന്നാലെയാണ് പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നത്. അൻസിബയെ എസ്‌ഐ രേഷ്മ മാനസികമായി പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അൻസിബയുടെ ഒരു സന്ദേശം തന്റെ ഫോണിലെത്തിയെന്നും അത് കുടുംബത്തിൽ പ്രശ്‌നമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ വനിത സെല്ലിൽ പരാതി നൽകിയത്. ഈ പരാതിയും ഗൗരവമുള്ളതല്ലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.