ചാല സ്വര്‍ണക്കവര്‍ച്ച: സൂത്രധാരന്‍ ജയറാം, കവര്‍ച്ചയ്ക്ക് പിന്നില്‍ കുടിപ്പകയെന്ന് പൊലീസ്.

ചാല സ്വര്‍ണക്കവര്‍ച്ചയുടെ ആസൂത്രകന്‍ മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പൊലീസ്. ജയറാമിന്റെ നിര്‍ദേശ പ്രകാരമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതികളായ അനില്‍ അനൂപ്, ആന്റണി എന്നിവര്‍ പൊലീസിനോട് പറഞ്ഞു. ബിസിനസ് രംഗത്തെ മത്സരവും കുടിപ്പകയും തന്നെയാണ് കവര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നിഗമനം. അറസ്റ്റ് ചെയ്ത അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അമുല്‍, ജയറാം, ദിലീപ് എന്നിവരെ നാലുദിവസത്തേക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളുകളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വയനാട് കല്‍പ്പറ്റയില്‍ കീഴടങ്ങിയ ശ്രാവണനെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.ജയറാം രണ്ടുദിവസം മുമ്പ് ഭീഷണിപ്പെടുത്തിയെന്ന് നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. മുഖ്യപ്രതി അമുലും മാളവിക ജ്വലറി ഉടമ ജയറാമും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.മഹാരാഷ്ട്ര സ്വദേശിയും സ്വര്‍ണ ഏജന്റുമായ അമുല്‍ ആണ് വൈഷ്ണവി ജ്വല്ലറി ഉടമയായ നന്ദകുമാറിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത്. സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനിലിനെയും ഇയാള്‍ ഒപ്പം കൂട്ടി. രേഖകള്‍ ഇല്ലാത്ത സ്വര്‍ണം ആയതിനാല്‍ പരാതി ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. മോഷണ മുതല്‍ പങ്കിട്ടെടുക്കാം എന്ന ധാരണയിലും പ്രതികളെത്തിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.സംഭവ ദിവസം രാവിലെ നന്ദകുമാറുമായി ലക്ഷങ്ങളുടെ സ്വര്‍ണ ഇടപാട് അമുല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വര്‍ണം തട്ടിയെടുക്കുന്നതിന് മോഷണക്കേസ് പ്രതിയായ അനൂപിനെ ദൗത്യം ഏല്‍പ്പിച്ചു. നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങുന്ന വിവരം മോഷ്ടാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയത് ശ്രാവണാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ശനിയാഴ്ച രാത്രിയോടെ അമുല്‍ അടക്കം ആറ് പ്രതികള്‍ പിടിയിലായിരുന്നു. നാല് പേരെ വയനാട് ലക്കിടിയില്‍ നിന്നും രണ്ട് പേരെ തിരുവനന്തപുരത്തുനിന്നുമായിരുന്നു പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചത്.
വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു ചാലയില്‍ കവര്‍ച്ച നടന്നത്. വര്‍ഷങ്ങളായി ചാലയില്‍ സ്വര്‍ണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറില്‍ നിന്ന് മോഷ്ടാക്കള്‍ സ്വര്‍ണം തട്ടിപ്പറിക്കുകയായിരുന്നു. നന്ദകുമാര്‍ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ബൈക്കിലെത്തിയ ആള് സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര് ഈ ബൈക്കില്‍ പോകുന്നതും കാണാമായിരുന്നു. പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാര് ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു കവര്‍ന്നതെന്ന് ജ്വല്ലറി ഉടമ നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹോണ്ട ഇആ 350 ബൈക്കിലാണ് പ്രതികളെത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.

