കൊല്ലം നീണ്ടകരയിലെ യുവതിയുടെ സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ പിടിയിൽ.

ണ്ടകരയിലെ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ ചവറ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയ്ക്ക് നന്ദുവിൽ നിന്ന് വിദേശത്ത് വച്ച് ക്രൂരമർദ്ദനം നേരിട്ടിരുന്നു. കുക്കറും, ലാപ്ടോപ്പും, മൊബൈൽ ചാർജറും ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചെന്ന് പുത്തൻതുറ സ്വദേശി അഞ്ജുവിന്റെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ ഭർത്താവ് നന്ദു, ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
ഇക്കഴിഞ്ഞ ജൂൺ മാസം 27 നായിരുന്നു കൊല്ലം പുത്തൻ തുറ സ്വദേശിനി അഞ്ജുവിന്റെയും ചവറ സ്വദേശി നന്ദുവിന്റെയും വിവാഹം. ഒരാഴ്ച തികയും മുൻപ് സ്ത്രീധനത്തിന്റെ പേരിൽ ചോദ്യങ്ങളുണ്ടായെന്ന് യുവതി. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് സൗദിയിൽ മടങ്ങിയ ഭർത്താവിന്റെ അടുത്തേക്ക് അഞ്ജു പോയി. വിദേശത്ത് വെച്ചും അതിക്രൂരമർദ്ദനം.
സെപ്റ്റംബർ 30ന് നാട്ടിൽ മടങ്ങിയെത്തിയ അഞ്ജു ചവറ പോലീസിന് പരാതി നൽകുകയായിരുന്നു. ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതായും ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചതായും യുവതി പറഞ്ഞിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

