ഇവി വിപണി കത്തും: BE 6 ഫോർമുല E എഡിഷനുകൾ അവതരിപ്പിച്ച് മഹീന്ദ്ര

ഇലക്ട്രിക് വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച മഹീന്ദ്ര മോഡലാണ് ബിഇ6. ഒരു വർഷത്തിനുള്ളിൽ മഹീന്ദ്ര BE 6 ന്റെ 30,000 യൂണിറ്റുകളോളമാണ് ഇന്ന് നിരത്തിലുള്ളത്. ഇതിനെ പിന്നാലെയാണ് BE 6 ഫോർമുല E എഡിഷനുകൾ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായെത്തുന്ന E എഡിഷന് 23.69 ലക്ഷം രൂപ എക്സ്-ഷോറൂം വിലയാണ് വരുന്നത്.
BE 6 ഫോർമുല E -ക്ക് ടാംഗോ റെഡ്, ഫയർസ്റ്റോം ഓറഞ്ച്, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് വരുന്നത്. 79 kWh ബാറ്ററി പായ്ക്കിൽ FE2, FE3 എന്നീ രണ്ട് വേരിയൻ്റിലാണ് പുതിയ BE 6 ഫോർമുല E എഡിഷൻ വിപണിയിലെത്തുന്നത്. സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് FE2 മോഡലിന് ലഭിക്കും. BE 6 ഫോർമുല E യുടെ ബുക്കിംഗ് 2026 ജനുവരി 14 നും ഡെലിവറികൾ 2026 ഫെബ്രുവരി 14 നും ആരംഭിക്കും.
വെർച്വൽ എഞ്ചിൻ ശബ്ദങ്ങളുള്ള സോണിക് സ്യൂട്ട്, ഫ്രണ്ട് ഇല്യൂമിനേറ്റഡ് ലോഗോ, പുതിയ ഫ്രണ്ട് ബമ്പർ, വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 19-ഇഞ്ച് അലോയ് വീലുകൾ, പുതിയ റിയർ ബൂട്ട് സ്‌പോയിലർ, സൈഡ് ഡോറുകളിലും ഫെൻഡറിലും ബോണറ്റിലും റേസ്-ഇൻസ്‌പൈറഡ് ഗ്രാഫിക്‌സ്, റേസ് കാർ-ഇൻസ്‌പൈറഡ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ ഫ്ലാപ്പ് എന്നിവ FE3 എഡിഷനിൽ ലഭിക്കും. 24.49 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.


