ഡിജിപി എസ് ശ്രീജിത്തിനെതിരായ ഡ്രൈവിങ് ലൈസന്‍സ് കരാര്‍ ക്രമക്കേട്: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍.

ഡിജിപി എസ് ശ്രീജിത്തിനെതിരായ ഡ്രൈവിങ് ലൈസന്‍സ് കരാര്‍ ക്രമക്കേടില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം തേടി സര്‍ക്കാര്‍. ചൊവ്വാഴ്ച സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു.കഴിഞ്ഞ തവണ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് ഡിജിപി തന്നെ നേരിട്ട് ഹാജരായി ഇക്കാര്യങ്ങള്‍ കോടതിയോട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടെല്ലാം പൂര്‍ണമാണെന്നും രേഖകള്‍ മാത്രം നല്കിയാല് മതിയെന്നും അതിന് ഒരാഴ്ച സാവകാശം വേണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഒരാഴ്ച നല്‍കാനാകില്ലെന്നും ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ ഐ.ടി.ഐ ലിമിറ്റഡിന് ഏകപക്ഷീയമായി കരാര്‍ നല്‍കിയെന്നാണ് പ്രധാന ആരോപണം. സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവുകള്‍ നിലനില്‍ക്കെ 32.93 കോടിയിലധികം രൂപ അനുവദിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ അപൂര്‍ണ്ണമായ വിവരങ്ങളാണ് നല്‍കിയതെന്ന് മുമ്പ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. ദിപിന് എടവന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരായ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

