ഒന്നല്ല രണ്ട്!; നമ്മുടെ ശരീരത്തിലെ രണ്ടാമത്തെ ഹൃദയം എവിടെയാണെന്ന് അറിയാമോ.

ഹൃദയം ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ കാലുകളില്‍ നിന്ന് രക്തം തിരികെ ഹൃദയത്തിലെത്തിക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന സംവിധാനമുണ്ടെന്ന് അറിയാമോ?. ഇതിനെയാണ് പല ഡോക്ടര്‍മാരും ‘രണ്ടാം ഹൃദയം’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത് മറ്റൊരു ഹൃദയമല്ല. നമ്മുടെ കാലിന്റെ പിന്‍ഭാഗത്തുള്ള കാല്‍ഫ് പേശികളാണ് (calf muscles) ഈ ജോലി ചെയ്യുന്നത്.
എന്തുകൊണ്ടാണ് കാലിലെ പേശികളെ ‘രണ്ടാം ഹൃദയം’ എന്ന് വിളിക്കുന്നത്?
ഹൃദയത്തില്‍ നിന്ന് രക്തം കാലുകളിലേക്കെത്താന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ കാലുകളില്‍ നിന്ന് രക്തം വീണ്ടും ഹൃദയത്തിലേക്ക് തിരിച്ചെത്തിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്തിനെതിരെ മുകളിലേക്ക് സഞ്ചരിക്കണം. ഇവിടെയാണ് കാല്‍ഫ് പേശികള്‍ സഹായിക്കുന്നത്.
നമ്മള്‍ നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ കാലുകള്‍ ചലിപ്പിക്കുമ്പോഴോ കാല്‍ഫ് പേശികള്‍ ചുരുങ്ങുകയും അയയുകയും ചെയ്യും. ഈ ചലനം കാലിലെ സിരകളില്‍ സമ്മര്‍ദ്ദം ചെലുത്തി രക്തത്തെ മുകളിലേക്ക്, ഹൃദയത്തിന്റെ ഭാഗത്തേക്ക്, തള്ളാന്‍ സഹായിക്കുന്നു. സിരകളിലുള്ള ചെറിയ വാല്‍വുകളും രക്തം താഴേക്ക് തിരിച്ചൊഴുകുന്നത് തടയാന്‍ സഹായിക്കും.
മണിക്കൂറുകളോളം ഇരിക്കുന്നത് പ്രശ്‌നമാകുമോ?
ഇന്നത്തെ ജീവിതശൈലിയില്‍ മണിക്കൂറുകളോളം ഇരിക്കുന്നത് സാധാരണമാണ്. കമ്പ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്യുക, ദീര്‍ഘനേരം യാത്ര ചെയ്യുക, ടിവി കാണുക തുടങ്ങിയ സമയങ്ങളില്‍ കാലുകള്‍ അധികം ചലിക്കാറില്ല. ഇങ്ങനെ ഏറെ നേരം അനങ്ങാതെ ഇരിക്കുമ്പോള്‍ കാല്‍ഫ് പേശികളുടെ ‘പമ്പിങ്’ പ്രവര്‍ത്തനം കുറയും. ഇതുമൂലം കാലിന്റെ താഴ്ഭാഗത്ത് രക്തവും ദ്രാവകവും കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ചിലരില്‍ കാലിന് ഭാരം തോന്നുക, ക്ഷീണം, വീക്കം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം.
രണ്ടാം ഹൃദയത്തെ’ എങ്ങനെ സജീവമാക്കാം?
ജിമ്മില്‍ പോകുകയോ കഠിനമായ വ്യായാമം ചെയ്യുകയോ വേണമെന്നില്ല. ദിവസത്തിലെ ചെറിയ ചലനങ്ങള്‍ പോലും അതിന് സഹായിക്കും.
നടക്കുക: ദിവസവും കുറച്ച് സമയം നടക്കുന്നത് കാല്‍ഫ് പേശികളെ സജീവമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ്.
കുറച്ചുസമയം ഇടവിട്ട് എഴുന്നേല്‍ക്കുക:മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ് കുറച്ച് നടക്കാം.
പടികള്‍ കയറുക: സാധ്യമാകുമ്പോള്‍ ലിഫ്റ്റിന് പകരം പടികള്‍ കയറുന്നത് കാലിലെ പേശികള്‍ക്ക് നല്ല വ്യായാമമാണ്.
കാല്‍വിരലുകള്‍ നിലത്ത് കുത്തി ഉയരുക: ഒരു കസേരയിലോ ഭിത്തിയിലോ പിടിച്ച് നില്‍ക്കാം. പതുക്കെ കുതികാല്‍ ഉയര്‍ത്തി കാല്‍വിരലുകളില്‍ നില്‍ക്കുക. പിന്നീട് പതുക്കെ താഴേക്ക് വരുക. ഇത് കാല്‍ഫ് പേശികളെ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കും .
ഇരിക്കുമ്പോഴും കാലുകള്‍ ചലിപ്പിക്കാം: കാല്‍വിരലുകള്‍ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയോ കണങ്കാല്‍ പതുക്കെ ചുറ്റുകയോ ചെയ്യാം. ദീര്‍ഘനേരം യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും ഇത്തരം ചെറിയ ചലനങ്ങള്‍ സഹായകരമാണ്.
കാലില്‍ സ്ഥിരമായി വീക്കം ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം
ദിവസം മുഴുവന്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്തതിന് ശേഷം ചെറിയ വീക്കം ഉണ്ടാകുന്നത് പല കാരണങ്ങളാലാകാം. എന്നാല്‍ തുടര്‍ച്ചയായ കാലുവീക്കം, വേദന, കാലിന് അമിതഭാരം തോന്നല്‍, ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ സ്വയം കാരണം കണ്ടെത്താന്‍ ശ്രമിക്കാതെ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്.
പ്രത്യേകിച്ച് ഒരു കാലില്‍ പെട്ടെന്ന് വീക്കവും വേദനയും ഉണ്ടാകുകയാണെങ്കില്‍ അത് അവഗണിക്കരുത്. ചില സാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്ന DVT (deep vein thrombosis)
പോലുള്ള പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. നെഞ്ചുവേദന, പെട്ടെന്നുള്ള ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം ഇത് ഉണ്ടാകുകയാണെങ്കില്‍ അടിയന്തര ചികിത്സ ആവശ്യമാണ്.’രണ്ടാം ഹൃദയം’ എന്ന പേര് കേട്ട് പേടിക്കേണ്ടതില്ല. കാലില്‍ മറ്റൊരു ഹൃദയം ഉണ്ടെന്നല്ല ഇതിന്റെ അര്‍ഥം. രക്തം കാലുകളില്‍ നിന്ന് ഹൃദയത്തിലേക്ക് തിരികെ എത്തിക്കാന്‍ കാല്‍ഫ് പേശികള്‍ ചെയ്യുന്ന പ്രധാന ജോലിയെയാണ് ഈ പേരിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ദീര്‍ഘനേരം ഇരിക്കുന്ന ശീലം ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. കാലുകള്‍ ചലിപ്പിക്കുക. ദിവസവും കുറച്ച് നടക്കാന്‍ സമയം കണ്ടെത്തുക. നമ്മള്‍ എടുക്കുന്ന ഓരോ ചുവടിലും കാലിലെ ഈ പേശികളും രക്തചംക്രമണത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.

