ബംഗാളി ബീഡി കവറിൽ നടൻ സിദ്ദീഖിൻ്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച.

മലയാള നടൻ സിദ്ദീഖിന്റെ ചിത്രം ബംഗാളി ബീഡി കവറിൽ അച്ചടിച്ചു വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള ‘ബാബു ബംഗാളി ബീഡി’ എന്ന ബ്രാൻഡിന്റെ പാക്കറ്റിലാണ് സിദ്ദീഖിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നീലയും വെള്ളയും കലർന്ന ബീഡി പാക്കറ്റിൽ ബംഗാളി ഭാഷയിലുള്ള എഴുത്തുകൾക്കൊപ്പം സിദ്ദീഖിന്റെ ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമാണുള്ളത്.
ഉത്തരേന്ത്യയിലെ ഇത്തരം പ്രാദേശിക ബീഡി കമ്പനികൾ ഉടമസ്ഥരുടെയോ അല്ലെങ്കിൽ ഒരു സങ്കല്പ കഥാപാത്രത്തിന്റെയോ ചിത്രം കവറിൽ നൽകാറുണ്ട്. ഗൂഗിളിൽ നിന്ന് ‘ബാബു’ എന്ന പേരിന് അനുയോജ്യമായ ഒരു സാധാരണക്കാരന്റെ ചിത്രം തിരഞ്ഞപ്പോൾ യാദൃച്ഛികമായി സിദ്ദീഖിന്റെ ഫോട്ടോ ലഭിച്ചതാകാം എന്നാണ് കരുതപ്പെടുന്നത്. കവറിലുള്ളത് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു ചലച്ചിത്ര താരമാണെന്ന് ബീഡി കമ്പനിക്കാർക്ക് അറിവുണ്ടാകാൻ വഴിയില്ലെന്ന് റിപ്പോർട്ട്
ബംഗാളിലെത്തിയ മലയാളികൾ ഈ പാക്കറ്റ് കണ്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. “ഭായ് ആളുമാറിപ്പോയി”, സിദ്ദീഖിന്റെ “പാൻ ഇന്ത്യൻ പദവി” തുടങ്ങിയ രസകരമായ ട്രോളുകളും കമന്റുകളുമായി ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. തന്റെ ചിത്രം ഇത്തരത്തിൽ ഉപയോഗിച്ചതിനെക്കുറിച്ച് നടൻ സിദ്ദീഖ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

