ബംഗ്ലാദേശിലേക്കുള്ള ഷെയ്ഖ് ഹസീനയുടെ മടക്കം; നിബന്ധനകള്‍ മുന്നോട്ടുവെച്ച് ഇന്ത്യ.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും അവാമി ലീഗ് അധ്യക്ഷയുമായ ഷെയ്ഖ് ഹസീനയെ തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ രണ്ട് പ്രധാന നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ട്. 2024 ഓഗസ്റ്റ് അഞ്ചിന് പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി വളഞ്ഞതിനെ തുടര്‍ന്ന് ബംഗ്ലാദേശ് സൈനിക വിമാനത്തിലാണ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കഴിയുന്ന ഹസീന ഈ ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ഇന്ത്യയുടെ പരോക്ഷ സമ്മതമുണ്ടെങ്കിലും, രണ്ട് നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ മടക്കം സാധ്യമാകൂ എന്നാണ് ന്യൂഡല്‍ഹിയുടെ നിലപാട്.ഷെയ്ഖ് ഹസീനയെ തിരികെ കൊണ്ടുപോകുന്നതിന്റെ ചുമതല ബംഗ്ലാദേശ് സൈന്യം തന്നെ ഏറ്റെടുക്കണം എന്നതാണ് ഇന്ത്യ താരിഖ് റഹ്മാന് സര്‍ക്കാരിന് മുമ്പില്‍ വെച്ച ആദ്യ നിബന്ധന. ഹസീന ഇന്ത്യയിലെത്തിയതുപോലെ തന്നെ, ബംഗ്ലാദേശ് സൈന്യത്തിന്റെ പ്രത്യേക വിമാനത്തിലോ അല്ലെങ്കില്‍ കര അതിര്‍ത്തിയിലെ നിശ്ചിത കേന്ദ്രത്തില്‍ വെച്ചോ സൈന്യം അവരെ ഏറ്റെടുത്ത് സുരക്ഷിതമായി കൊണ്ടുപോകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.2024 ജൂലൈയിലെ കൂട്ടക്കൊലപാതക ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാന് അവസരം നല്‍കണം. കൂടാതെ, പുതിയതും സുതാര്യവുമായ വിചാരണ ഉറപ്പാക്കുകയും വേണം. ഈ വിചാരണ നടപടികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും ആഗോള മാധ്യമങ്ങളുടെയും സജീവ നിരീക്ഷണത്തിലായിരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.’വധശിക്ഷ നടപ്പാക്കാന്‍ വേണ്ടി മാത്രം ഹസീനയെ ബംഗ്ലാദേശിന് കൈമാറാന്‍ ഇന്ത്യക്കാവില്ല; പകരം നീതിയുക്തമായ വിചാരണയ്ക്കുള്ള അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം’ എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കിയതായി ബിബിസി ബംഗ്ലാ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ ഹസീനയുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കുമേലാണെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം, ഈ റിപ്പോര്‍ട്ടുകളെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഈ വിഷയത്തില്‍ ഒന്നും പറയാനില്ല’ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചത്.
ഹസീനയുടെ മടക്കം സാധ്യമാക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ പശ്ചാത്തല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒക്ടോബര്‍ ആദ്യവാരം ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ ദിനേശ് ത്രിവേദി ന്യൂഡല്‍ഹിയില്‍ വെച്ച് കരസേനാ മേധാവി ജനറല്‍ ധീരജ് സേത്തുമായി പെട്ടെന്നുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. ഹസീനയുടെ മടക്കത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന് സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.നവംബര്‍ ഒമ്പതിന് പുതിയ പാസ്പോര്‍ട്ടിനും യാത്രാ രേഖകള്‍ക്കുമായി ഹസീന ബംഗ്ലാദേശ് സര്‍ക്കാരിന് മുമ്പില്‍ അപേക്ഷ നല്‍കിയിരുന്നു. മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാനോ, ജയിലിലടയ്ക്കപ്പെടാനോ, ജീവന് ഭീഷണിയുണ്ടാകാനോ സാധ്യതയുണ്ടെന്ന് അറിയാമെങ്കിലും ഭയം കാരണം തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹസീന വ്യക്തമാക്കി. എന്നാല്‍ ഹസീനയ്ക്ക് അഭയം നല്കാന് മറ്റ് രാജ്യങ്ങളൊന്നും (യുകെ, യുഎഇ, സൗദി അറേബ്യ, യുഎസ്, ഖത്തര്‍) തയ്യാറാകാത്തതിനാലാണ് അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെ എം നജ്മുല്‍ ഹഖ് അവകാശപ്പെട്ടു. ഹസീനയെ മൂന്നാമതൊരു രാജ്യത്തേക്ക് അയക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.

