IOA തിരഞ്ഞെടുപ്പ്: പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി അഭിഭാഷകനുമായ അതുൽ കുമാർ വരണാധികാരിക്ക് പരാതി നൽകിയിരുന്നു. ഹാൻഡ്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്ത ഉദിത് സേത്, തർജിത് കൗർ എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നാളെയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഐഒഎ ജനറൽ അസംബ്ലിയിലേക്ക് നടന്ന സ്പോർട്സ്പേഴ്സൺ ഓഫ് മെറിറ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് പി ടി ഉഷ അപ്രതീക്ഷിത നീക്കം നടത്തിയത്. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിലേക്ക് എത്തിയതോടെ വീണ്ടും അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് അവസരം ഒരുങ്ങി. അധ്യക്ഷയാകാൻ പിൻവാതിൽ നീക്കം നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സുപ്രീം കോടതി അഭിഭാഷകനും മുൻ ഭാരവാഹിയുമായ അതുൽ കുമാറിന്റെ പരാതി. പി ടി ഉഷയ്ക്ക് ഐസ് ഹോക്കി അസോസിയേഷനുമായി ബന്ധമില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ഉഷ നൽകിയ പരാതിക്ക് പിന്നാലെ ഐഒസി താക്കീത് നൽകിയിരുന്നു. ഒളിമ്പിക് ചാർട്ടർ പൂർണ്ണമായും പാലിച്ചുകൊണ്ടും, ബാഹ്യമായ ഇടപെടലുകൾ ഇല്ലാതെയും, തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഐഒസി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെതിരെ ഉയർന്ന പരാതികളിൽ ഐഒസി നിരാശ രേഖപ്പെടുത്തി. ഐഒഎ ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി തർക്കങ്ങൾ പരിഹരിക്കാൻ കായിക മന്ത്രാലയം കായിക സംഘടനകൾകളിലെ ഉന്നത ഉദ്യോഗസ്ഥർക്കായി ഡൽഹിയിൽ അത്താഴവിരുന്ന് ഒരുക്കി. ഡിസംബർ അഞ്ചിനാണ് ഐഒഎ തിരഞ്ഞെടുപ്പ്.

