September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി.

SHARE

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ അപ്പാടെ തള്ളി ഇറ്റലി. ട്രംപിന്റെയും കൂട്ടാളിയുടെയും നിര്‍ദ്ദേശത്തെ ചര്‍ച്ച പോലുമില്ലാതെയാണ് ഇറ്റാലിയന്‍ ഭരണനേതൃത്വം തള്ളിക്കളഞ്ഞിരിക്കുന്നത്. യുഎസ ആവശ്യത്തെ ലജ്ജാകരമെന്നാണ് ഇറ്റാലിയന്‍ ധനകാര്യമന്ത്രി ജിയാകാര്‍ലോ ജിയോര്‍ഗെറ്റി വിശേഷിപ്പിച്ചത്. ട്രംപ് പ്രതിനിധി ഫിഫയില്‍ ഉന്നയിച്ച കാര്യം അനുചിതമെന്ന് ഇറ്റാലിയന്‍ കായികമന്ത്രി ആന്‍ഡ്രിയ അബോഡിയും വ്യക്ത മാക്കി. കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂണ്‍ 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളില്‍ ഇറാനെ ഒഴിവാക്കി പകരം ഇത്തവണയും യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന വിചിത്ര ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി പോളോ സാംബോളി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനയെ നേരില്‍ കണ്ടിരുന്നു.ഇറാനെ ലോക ഫുട്ബാള്‍ മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച സാംബോളി ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും താന്‍ കണ്ടിരുന്നതായും അദ്ദേഹത്തിന്റെ അറിവോടെയാണ് ഫിഫക്ക് മുമ്പിലെത്തിയതെന്നും ഇംഗ്ലീഷ് മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ഒരുമിച്ച് ആതിഥേയത്വം വഹിക്കുന്ന ലോക കപ്പില്‍ നാലുവട്ടം ജേതാക്കളായ ഇറ്റലി കളിക്കുന്നത് സ്വപ്നതുല്യമായ അനുഭവമായിരിക്കുമെന്നായിരുന്നു സാംബോളി പറഞ്ഞത്. ഇക്കാര്യത്തില്‍ ഔദോഗിക പ്രതികരണങ്ങളൊന്നും തന്നെ ഫിഫയുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇറ്റലിയുടെ പ്രതികരണമെത്തുന്നത്. അതേ സമയം തങ്ങള്‍ ലോക കപ്പില്‍ പങ്കെടുക്കുമെന്ന് തന്നെയാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.