October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

മീനങ്ങാടിയിൽ ദേശീയ പാതയിൽ കാർ തടഞ്ഞ് നിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ.

SHARE

മീനങ്ങാടിയിൽ ദേശീയ പാതയിൽ കാർ തടഞ്ഞ് നിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് കാറും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ.

കണ്ണൂർ പെരിങ്ങളം അനിയാരം മുത്തേടത്ത് താഴേ കുനിയിൽ എം രഞ്ജു (32), മട്ടന്നൂർ സൗരവ് നിവാസിൽ സൗരവ് സുനിൽ (26) എന്നിവരെയാണ് മീനങ്ങാടി പൊലീസ് പിടികൂടിയത്. കൃത്യം നടന്ന് മണിക്കൂറുകൾക്കകം കണ്ണൂരിലെ തലക്കണ്ണിയിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സംഘം ഇവരെ പിടികൂടിയത്.

സെപ്റ്റംബർ 30-ന് വൈകീട്ടോടെ മീനങ്ങാടി എഫ് സി ഐ ഗോഡൗണിന് സമീപമായിരുന്നു സിനിമാ സ്റ്റൈലിലുള്ള കവർച്ച അരങ്ങേറിയത്. കർണാടകയിലെ ബേഗൂരിൽ നിന്ന് വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ ഇന്നോവ കാറാണ് സംഘം ലക്ഷ്യമിട്ടത്.

രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ പത്തോളം പേരടങ്ങുന്ന അക്രമി സംഘം ഇന്നോവ കാറിന് മുന്നിലേക്ക് വാഹനം കയറ്റിയിട്ട് വഴി തടയുകയായിരുന്നു. തുടർന്ന് കാറിന്റെ സൈഡ് ഗ്ലാസുകൾ അടിച്ചു തകർത്ത സംഘം ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിന്റെ മുഖത്തേക്ക് അതിശക്തമായി കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

തുടർന്ന് യുവാവിനെ ബലമായി കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി റോഡിൽ തള്ളിയ ശേഷം ഇന്നോവ കാറും വാഹനത്തിൽ ഉണ്ടായിരുന്ന 21,000 രൂപയുമായി അക്രമികൾ കടന്നു കളയുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മീനങ്ങാടി പൊലീസ് ജില്ലയിലും അന്തർ സംസ്ഥാന അതിർത്തികളിലും കർശന വാഹന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തി.

പൊലീസ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിന് ഒടുവിൽ കണ്ണൂർ തലക്കണ്ണി ഭാഗത്ത് വെച്ച് നാട്ടുകാരുടെ കൂടി സഹകരണത്തോടെ പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു.