മുംബൈയിലെ 26/11 ആക്രമണത്തിന് 18 വർഷം; ഇതുവരെ പ്രതിഫലം ലഭിക്കാതെ അജ്മൽ കസബിനായി സർക്കാർ നിയമിച്ച അഭിഭാഷകർ.

SHARE

രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്ന് 18 വര്‍ഷം പിന്നിടുമ്പോഴും, ജീവനോടെ പിടികൂടിയ ഏക പാകിസ്താൻ ഭീകരന്‍ അജ്മല്‍ കസബിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കേണ്ട പ്രതിഫലം ഇന്നും ലഭിച്ചില്ല. ബോംബെ ഹൈക്കോടതിയില്‍ കസബിന്റെ വധശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലില്‍ ഹാജരായ അഭിഭാഷകരായ അമീന്‍ സോള്‍ക്കര്‍ (Amin Solkar), ഫര്‍ഹാന ഷാ (Farhana Shah) എന്നിവരാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും കുടിശ്ശികയ്ക്കായി കാത്തിരിക്കുന്നത്.വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ കസബ് സമര്‍പ്പിച്ച അപ്പീലില്‍ ഒന്‍പത് മാസത്തോളമാണ് ഇരുവരും ബോംബെ ഹൈക്കോടതിയില്‍ വാദിച്ചത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2010 ജൂണ്‍ 8ന് മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (MSLSA) സെക്രട്ടറി എ കെ സൊനാവനെ പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഇവരെ കസബിന്റെ പ്രതിരോധ അഭിഭാഷകരായി നിയമിച്ചത്.അമീന്‍ സോള്‍ക്കറിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തുല്യമായ വേതനവും ഫര്‍ഹാന ഷായ്ക്ക് വധശിക്ഷ സ്ഥിരീകരണ കേസ് നടത്തുന്ന അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തുല്യമായ വേതനവും നല്‍കണമെന്നായിരുന്നു വ്യവസ്ഥിതി. പ്രതിദിനം 1,500 മുതല്‍ 2,000 രൂപ വരെയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്. ഹൈക്കോടതി വിധി പുറപ്പെടുവിച്ച ഉടന്‍ തന്നെ തുക നല്‍കണമെന്നും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു.ഈ കേസിനായി തങ്ങളുടെ മറ്റ് കേസുകളെല്ലാം മാറ്റിവെച്ച് ഒന്‍പത് മാസം പൂര്‍ണസമയവും മാറ്റിവെച്ചതായി അഭിഭാഷകര്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയായി കാലമിത്രയായിട്ടും തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ സമീപിക്കുമ്പോഴെല്ലാം, കോടതിയില്‍ ഹാജരായ ദിവസങ്ങളുടെയും മണിക്കൂറുകളുടെയും വിശദമായ മെമ്മോകളും ബില്ലുകളും സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകര്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഓരോ ദിവസത്തെയും കോടതി സമയത്തിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചു വെക്കുക അസാധ്യമാണെന്നും, നിയമന ഉത്തരവില്‍ പ്രോസിക്യൂഷന്‍ നിരക്കില്‍ വേതനം നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കെ ഇത്തരം തടസ്സങ്ങള്‍ ഉന്നയിക്കുന്നത് അന്യായമാണെന്നും സോള്‍ക്കറും ഫര്‍ഹാന ഷായും ചൂണ്ടിക്കാണിക്കുന്നു.

സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് അഭിഭാഷകരോട് ഔദ്യോഗിക ബില്ലുകളും മെമ്മോകളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നതെന്നാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം.

പ്രത്യേക ജഡ്ജി എംഎല്‍ തഹലിയാനിയുടെ വിചാരണക്കോടതിയില്‍ കസബിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബ്ബാസ് കാസ്മിക്ക് വിചാരണ പൂര്‍ത്തിയായ ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രതിഫലം നല്‍കി കുടിശ്ശിക തീര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇവര്‍ പ്രതിഫലത്തിനായി ഇത്ര കാലം കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ബോംബെ ഹൈക്കോടതി 2010 ജൂണില്‍ അപ്പീല്‍ വാദം തുടങ്ങുകയും 2011 ഫെബ്രുവരിയില്‍ വധശിക്ഷ ശരിവെക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും വിധി സ്ഥിരീകരിച്ചു. 2012 നവംബര്‍ 21ന് പൂനെ യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ വെച്ച് അജ്മല്‍ കസബിനെ തൂക്കിലേറ്റി.