ഷഫീഖിന് കൊടുക്കാം കൈയ്യടി

SHARE

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ നിര്‍ണായക മത്സരത്തില്‍ മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ തിരിച്ചുവരവിന് പിന്നില്‍ പരിശീലകന്‍ ഷഫീഖ് ഹസന്‍ മഠത്തിലിന്റെ തന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളും. ലീഗ് റൗണ്ടില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി അവസാന സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട ടീമിനെ വിജയവഴിയിലേക്ക് തിരിച്ചെത്തിച്ച ഷഫീഖിന് നല്‍കാം ഒരു കൈയടി. മോശം പ്രകടനത്തെത്തുടര്‍ന്ന് മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവിനെ ചുമതലയില്‍ നിന്ന് മാറ്റി ഷഫീഖ് ഹസനെ ആക്ടിങ് ഹെഡ് കോച്ചായി നിയമിക്കുമ്പോള്‍ ടീമിന്റെ പ്രകടനത്തില്‍ ഇത്ര വലിയ മാറ്റമുണ്ടാകുമെന്ന് മാനേജ്മെന്റ് പോലും പ്രതീക്ഷിച്ചിരിക്കില്ല. ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ കാലിക്കറ്റ് എഫ്സിക്കെതിരെ പത്ത് പേരായി ചുരുങ്ങിയ കണ്ണൂര്‍ വാരിയേഴ്സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് തോറ്റത്. എന്നാല്‍ ആ തോല്‍വിയില്‍ തളരാതെ ഓരോ താരത്തിന്റെയും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിലായിരുന്നു ഷഫീഖിന്റെ ശ്രദ്ധ. പിന്നീട് കൊച്ചിയുടെ തട്ടകത്തില്‍ ഫോര്‍സ കൊച്ചിയെ പരാജയപ്പെടുത്തി കണ്ണൂര്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. സെമി പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയ ആ വിജയത്തിന് പിന്നാലെ മലപ്പുറം എഫ്സിക്കെതിരായ അവസാന മത്സരത്തില്‍ കണ്ടത് മറ്റൊരു കണ്ണൂര്‍ വാരിയേഴ്സിനെയാണ്. അടിയും തിരിച്ചടിയുമായി നാല് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മലപ്പുറത്തെ കീഴടക്കിയാണ് കണ്ണൂര്‍ നിര്‍ണായക വിജയം സ്വന്തമാക്കിയത്. പുറത്താകലിന്റെ വക്കില്‍ നിന്ന് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയ ഈ തിരിച്ചുവരവിന്റെ പ്രധാന ശില്‍പി ഷഫീഖ് ഹസന്‍ തന്നെ.