ഇരിക്കൂർ ടൗണിൽ ലോറി മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

ഇരിക്കൂർ : ഇരിക്കൂർ ടൗൺ കല്യാട് റോഡ് ജങ്ഷനിൽ ലോഡുമായി പോവുകയായിരുന്ന ലോറി മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ കണ്ണൂർ സ്വകാര്യ ആസ്പത്രിയിൽപ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിന്നും കല്യാട് അന്താരാഷ്ട്ര ആയുർവ്വേദ റിസർച്ച് സെൻ്ററിലേക്ക് കോൺക്രീറ്റ് ചെയ്യുന്നതിനായുള്ള മെറ്റീരിയലുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. കല്യാട് ബ്ലാത്തൂർ ഊരത്തൂർ, ഉളിക്കൽ പ്യ്യാവൂർ മേഖലകളിലേക്ക് തിരിയുന്ന ഇരിക്കൂർ ടൗൺ ജങ്ഷനിലാണ് അപകടമുണ്ടായത്. വീതി കുറഞ്ഞ റോഡും രണ്ടു ഭാഗവും കെട്ടിടങ്ങളും വൈദ്യുതി തൂണുമുള്ള ജങ്ഷനാണിത്. സിദ്ധീഖ് നഗർ, കല്യാട് , ബ്ലാത്തൂർ, ഊരത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസ്, ഓട്ടോ ടാക്സി വാഹനങ്ങൾക്ക് കാത്തിരിക്കുന്ന സ്ഥലം കൂടിയാണിത്. ലോറി അപകടത്തിന് മിനിറ്റുകൾക്ക് മുൻപാണ് ഊരത്തൂർ വഴി ഉളിക്കലിലേക്കും ബ്ലാത്തൂരിലേക്കുമുള്ള ബസുകളും മറ്റുവാഹനങ്ങളും പോയതിനാൽ വലിയൊരു ദുരന്തം ഒഴിവായത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. ലോറി നീക്കുന്നതിനായി മട്ടന്നൂരിൽ നിന്നും അഗ്‌നി സേനയും വാഹനവും എത്തിയെങ്കിലും ലോറി നിവർത്തിയിട്ടില്ല . ലോറിക്കടിയിൽ ആരെങ്കിലും ഉണ്ടോ എന്നും അറിയില്ല. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. മുഹമ്മദ്, എസ്. ഐ സത്യനാഥൻ എന്നിവർ സ്ഥലത്തെത്തി

