വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ; ബോംബുണ്ടാക്കാൻ പരിശീലനം, ഭൂമി ഇടപാടുകളിലും സജീവം.

1991 നും 2003 നും ഇടയിൽ ജമ്മുകശ്മീരിൽ നിന്നും
കാണാതായ 30 പേർ അതിർത്തി കടന്ന് ഭീകരപരിശീലനത്തിനു പാക്കിസ്ഥാനിൽ പോയതായി കണ്ടെത്തൽ. കശ്മീരിലെ മഹോർ, ചസ്സാന കുന്നുകളിൽ നിന്നും കാണാതായ 30 പേരാണ് ഇന്ത്യക്കെതിരെ ഭീകരപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് എൻഡി ടിവി റിപ്പോർട്ടു ചെയ്തു.പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കാണാതായ 30 ഓളം യുവാക്കൾ ഹിസ്ബുൾ മുജാഹിദീനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവർത്തനങ്ങൾക്കായി ബോംബുണ്ടാക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും പരിശീലനം നടത്തുന്നുണ്ട്. ഇതിനൊപ്പം കശ്മീരിൽ ഭീകര പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനായി യുവാക്കളെ പ്രേരിപ്പിക്കുവാനും ഇവർ ശ്രമിക്കുന്നു. കാണാതായവർ അതിർത്തി കടന്ന് ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി 2024 ൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയതു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിർത്തി കടന്നവർ തങ്ങളുടെ പേരിലുള്ളതും പരമ്പരാഗതമായി കൈമാറി കിട്ടിയതുമായ ഭൂമി വിൽക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തി. ഇതിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് ശ്രമം. ഇത്തരം നടപടികൾ തടയുന്നതിനായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ പൊലീസ് നീക്കം ആരംഭിച്ചുകഴിഞ്ഞു. ജമ്മു കശ്മീർ ഡിജിപിയുടെ ഉത്തരവ് അനുസരിച്ച് അഞ്ചോളം ഭീകരരുടെ സ്വത്തുക്കൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.

