സര്‍ക്കാര്‍ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണുകള്‍കാലോചിതമായി പരിഷ്‌കരിക്കും -മന്ത്രി കെ.മുരളീധരന്‍

SHARE

സര്‍ക്കാര്‍ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണുകള്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച എച്ച് എച്ച് എല്‍ ഫാര്‍മസിയുടെയും സര്‍ജിക്കല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍സിന്റെയും ഉൽഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961 ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും ആരോഗ്യവകുപ്പില്‍ നിലവിലുള്ളത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ് എന്നിവരുടെ എണ്ണം വര്‍ധിപ്പിക്കും. ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ഇതിനായി ഉടന്‍ ലഭ്യമാകും.  കേരളത്തില്‍ ആരോഗ്യ ചികിത്സാരംഗം വളരെ ചെലവേറിയതായി മാറുകയാണ്. സ്വകാര്യ ആശുപത്രികളെ പുറത്ത് നിന്നുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ ഏറ്റെടുക്കുകയാണ്. ഇവിടെയുള്ള ചികിത്സയുടെ ചെലവും ഇതോടെ ഇരട്ടിയായി ഉയരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രി സാധാരണക്കാരന്റെ അത്താണിയായി മാറുകയാണ്. മികച്ച സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആശുപ്രത്രികള്‍ക്ക് കഴിയണം. ഇതിനായി  പ്രധാനമായും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സേവനമാണ് വേണ്ടത്. കെട്ടിട, അടിസ്ഥാന സൗകര്യങ്ങള്‍ ഒട്ടുമിക്ക ആശുപത്രികളിലുമുണ്ട്. മറ്റു സൗകര്യങ്ങള്‍ ലഭ്യമാക്കിയാല്‍ മതിയാകും. മന്ത്രി കെ മുരളീധരൻ പറഞ്ഞു.

ജില്ലാശുപത്രികളില്‍ മുഴുവന്‍ സമയ സേവനം ലക്ഷ്യം

സംസ്ഥാനത്തെ മുഴുവന്‍ ജില്ലാശുപത്രികളിലും മുഴുവന്‍ സമയ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പുനലൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം തുടങ്ങിയിരുന്നു. ഈ സംവിധാനത്തെ കേരളം മുഴുവന്‍ വ്യാപിക്കാനാണ് ആലോചിക്കുന്നത്. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഡോക്ടര്‍ അടക്കമുള്ള ജീവനക്കാരെ ലഭിക്കാന്‍ ഏറെ പ്രയാസം. ഈ ജില്ലകളിലേക്ക് സേവനം ചെയ്യാന്‍ ചിലര്‍ മടികാണിക്കുന്ന രീതികള്‍ മാറണം. എല്ലാവരും കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ നിറവേറുക. ഇതര വകുപ്പുകളുടെയും സി.എസ്.ആര്‍ ഉദ്യമങ്ങളുടെയും സഹായം ഇതിനായി വേണം. കണ്ണൂര്‍ ജില്ലാശുപത്രിയും നൂറ് ശതമാനം സേവനം ചെയ്യാന്‍ കഴിയുന്ന ആതുരാലയമായി മാറ്റുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളേജുകള്‍ ആധുനികവൽക്കരിക്കും

കൂടുതല്‍ സൗകര്യങ്ങളൊരുക്കി സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകല്‍ പരിഷ്‌കരിക്കും. പരിയാരം, മാനന്തവാടി, കൊല്ലം, തൃശ്ശൂര്‍  മെഡിക്കല്‍ കോളേജുകളില്‍ എം ആര്‍ ഐ സൗകര്യങ്ങള്‍ ഉടനെ ലഭ്യമാകും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പെപ്റ്റ് സ്‌കാന്‍ സംവിധാനവും ഒരുങ്ങുകയാണ്. തിരുവനന്തുരം മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് ശസ്ത്രക്രീയ സംവിധാനവും ഏര്‍പ്പെടുത്തുകയാണ്. ഇതെല്ലാം കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളാണ്. മികച്ച ഡോക്ടര്‍മാരുടെയും സ്റ്റാഫുകളുടെയും സേവനമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. എത്രനേരം വേണമെങ്കിലും ജോലി ചെയ്യാനും ഇവരെല്ലാം തയ്യാറാണ്. എന്നാല്‍ അമിത ജോലിഭാരം ഇവരില്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച്
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. ജില്ലാശുപത്രിയില്‍ നടന്ന പരിപാടിയിൽ അഡ്വ.ടി ഒ മോഹനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.വിവേക് കുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി രവീന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ പ്രദീപന്‍, ജില്ലാശുപത്രി സൂപ്രണ്ട് ഡോ.എം കെ ഷാജ്, എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ റീജിയണല്‍ മാനേജര്‍ കെ പി മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.