September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 28, 2026

സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കും-കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

SHARE

ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ ആറ് മത്സ്യഗ്രാമങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിംഗ് വില്ലേജ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി കോടിയേരി സ്മാരക നഗരസഭ ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി .
ഐ എസ് ആർ ഒ യുമായി ചേർന്ന് ഒരു ലക്ഷം ബോട്ടുകളിൽ ട്രാൻസ്‌പോണ്ടറുകൾ ഘടിപ്പിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വവും ആശയവിനിമയ സാധ്യതയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സംവിധാനത്തോടെ ബോട്ടുകൾ നിർമ്മിച്ചു നൽകുകയും പരിശീലനം സാധ്യമാക്കുകയും ചെയ്യും. 200 നോട്ടിക്കൽ മൈൽ ദൂരവും മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. മത്സ്യ സമ്പത്തിന്റെ കാര്യത്തിൽ രാജ്യം ഒന്നാം സ്ഥാനത്തെത്താനാണ് ശ്രമിക്കുന്നത്. ഫിഷറീസ് മേഖലയിൽ സർക്കാർ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ കോരളം മുൻപന്തിയിൽ ആണെന്നും ഹാർബറുകൾ ഭാവിയിൽ കൂടുതൽ ജനസൗഹൃദമാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഗുണഭോക്താക്കൾക്കുള്ള ഐസ് ബോക്‌സ് വിതരണവും ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു.
ചാലിൽ ഗോപാലപേട്ട ഫിഷ് മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനം മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യബന്ധന മേഖലയിലെ ജനങ്ങളുടെ സമഗ്ര വികസനമാണ് പുതിയ പദ്ധതികൾകൊണ്ട് സാധ്യമാകുന്നതെന്നും പദ്ധതികളുടെ നിർവഹണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.