September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

കുട്ടികൾക്കുള്ള ബാലാവകാശ കമ്മീഷന്‍റെ ‘റേഡിയോ നെല്ലിക്ക’ ജൂൺ 18 മുതൽ

SHARE

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ജൂൺ 18ന് ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. റേഡിയോയുടെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്‍റെ ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി.

കുട്ടികൾക്കിടയിലെ മാനസിക സംഘർഷങ്ങൾ, ലഹരി – സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ, ആത്മഹത്യ, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് കമ്മീഷൻ പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥി – അധ്യാപക – രക്ഷാകർതൃ സമൂഹത്തിൽ ബാലനീതി, പോക്‌സോ, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളർത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നു.

ലോകത്ത് എവിടെനിന്നും 24 മണിക്കൂറും കേൾക്കാൻ സാധിക്കുന്നതരത്തിലാണ് റേഡിയോയുടെ രൂപകല്പന. തുടക്കത്തിൽ നാലു മണിക്കൂർ പ്രോഗ്രാമാകും ഉണ്ടാവുക. തിങ്കൾ മുതൽ വെള്ളി വരെ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികളാണ്. ശനിയും ഞായറും പ്രോഗ്രാം ആവർത്തിക്കും. ശ്രോതാവിന് ഇഷ്ടമുള്ള സമയത്തും ദിവസവും നെല്ലിക്കയിലെ പരിപാടികൾ തിരഞ്ഞെടുത്ത് കേൾക്കാം. പരസ്യങ്ങൾ ഇല്ലാതെ വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്നതാണ് റേഡിയോയിലെ പൊതു ഉള്ളടക്കം.

തുടക്കത്തിൽ കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളെ റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളാക്കാനാണ് ബാലാവകാശ കമ്മിഷൻ ലക്ഷ്യമിടുന്നത്.ആൻഡ്രോയ്ഡ് ഫോണിൽ പ്ലേസ്റ്റോറിൽ നിന്നും ഐഒഎസിൽ ആപ്‌സ്റ്റോറിൽ നിന്നും റേഡിയോ നെല്ലിക്ക ഡൗൺലോഡ് ചെയ്യാം. കമ്പ്യൂട്ടറിൽ radionellikka.com ലൂടെയും കാറിൽ ഓക്‌സ് കേബിൾ, ബ്ലൂടൂത്ത് എന്നിവയിലൂടെയും റേഡിയോ ശ്രവിക്കാം. കുട്ടിക്കാല ഓർമകൾ, അനുഭവങ്ങൾ, സ്‌കൂൾ ജീവിതം, സന്തോഷങ്ങൾ, പ്രയാസങ്ങൾ തുടങ്ങിയവ ആകാശദൂത് പരിപാടിയിലേക്ക് ഇ-മെയിലായും (radionellikka@gmail.com) വാട്ട്‌സാപ്പ് മുഖേനെയും അറിയിക്കാം. ഇമ്മിണി ബല്യകാര്യം, അങ്കിൾ ബോസ് പരിപാടികളിലേക്ക് 9993338602 ഫോൺ നമ്പറിൽ ബന്ധപ്പെടാം.