ഹലോ ടു എഐ ‘ ക്യാമ്പയിന് കണ്ണൂരിൽ തുടക്കമായി.

കണ്ണൂർ : ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് എഐ പരിചയപ്പെടുത്തുന്നതിനായി ഡിവൈഎഫ്ഐ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘ഹലോ ടു എഐ’ ക്യാമ്പയിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കൂത്തുപറമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വികെ സനോജ് എം എൽ എ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ അനുശ്രീ അധ്യക്ഷയായി. എ ഐയെക്കുറിച്ച് ആർ ധനൂപ്,ഷംസുദ്ധീൻ മരക്കാർ എന്നിവർ ക്ലാസെടുത്തു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിമുഹമ്മദ് അഫ്സൽ, കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് അരൂൾ , മുഹമ്മദ് സിറാജ്,ടി മിഥുൻ, സി പി അജേഷ്,എസ് കെ അർജുൻ. പ്രിൻസിപ്പാൾ ശ്യാംലാൽ, പ്രധാനധ്യാപിക കെഎം ലത,തേജസ്വിനി തുടങ്ങിയവർ സംസാരിച്ചു. പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ വിപി ശ്രീനാഥ് സ്വാഗതം പറഞ്ഞു.എ ഐയെക്കുറിച്ചുള്ള അടിസ്ഥാന അറിവിനൊപ്പം സാങ്കേതികവിദ്യ പ്രായോഗികമായി പരിചയപ്പെടുന്നതിനും വിവേകപൂർവവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. എഐ മേഖലയിൽ വൈദഗ്ധ്യമുള്ള മെന്റർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ഹാൻഡ്സ്-ഓൺ എ ഐ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും.എഐ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് ക്യാമ്പയിന്റെ ഭാഗമായി മെന്റർമാരായി പ്രവർത്തിക്കാനും സ്വന്തം സ്കൂളുകളെ ‘ഹലോ ടു എഐ’ ക്യാമ്പയിനുമായി ബന്ധിപ്പിച്ച് പരിപാടിയുടെ ഭാഗമാകാനും അവസരമുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.എഐ സാങ്കേതികവിദ്യയുടെ ഭാവി സാധ്യതകൾ തിരിച്ചറിഞ്ഞ്, അതിനെ ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും പ്രയോജനപ്പെടുത്താൻ പുതിയ തലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.ക്യാമ്പയിനിന്റെ ആദ്യ ഘട്ടത്തിൽ ഒക്ടോബർ മാസത്തിനുള്ളിൽ നൂറ് സ്‌കൂളുകളിൽ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള്ള ഉദ്ഘാടന പരിപാടികൾ നടക്കും.ക്യാമ്പയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.hello2ai.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

