അന്യസംസ്ഥാന ട്രാവൽ ഏജൻസികളുടെ കൂട്ട വെർച്വൽക്യൂ ബുക്കിംഗ്; ശബരിമലയിൽ മാസ് ബുക്കിംഗ് നിർത്തലാക്കിയേക്കും

പത്തനംതിട്ട: ശബരിമലയില്‍ അന്യസംസ്ഥാന ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തുന്നതായി പൊലീസിന്റെ വിലയിരുത്തല്‍. തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി ട്രാവല്‍ ഏജന്‍സികള്‍ സ്ലോട്ട് കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുത്ത് തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാസ് ബുക്കിംഗ് നിര്‍ത്തലാക്കി ബുക്കിംഗ് രീതി പരിഷ്കരിക്കാന്‍ പൊലീസ്, ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. അതേസമയം, ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് നടതുറന്നത് മുതല്‍ ഒന്‍പതിനായിരത്തിലധികം പേര് ദര്‍ശനം നടത്തി. ഇന്ന് മുതല്‍ മുപ്പതാം തീയതി വരെ അധികമായി 5,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. സ്പോട്ട് ബുക്കിംഗ് എണ്ണവും ആനുപാതികമായി വര്‍ധിപ്പിക്കും. ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി ‘ശരണ്‍’ (SARAN) ആപ്പ് നിലവിൽ വന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗമാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വഹിച്ചു. ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങള്‍, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള് എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ തീര്‍ഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.

