November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 21, 2026

സംസ്ഥാന ശാസ്ത്രമേള; കണ്ണൂരിന്റെ അഭിമാനമായി പട്ടുവം എംആര്‍എസ്സിലെ അര്‍ജുന്‍

SHARE

പട്ടുവം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ വിജയഗാഥയില്‍ ഒരു പൊന്‍തൂവല്‍ കൂടി. പാലക്കാട് നടന്നുവരുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയുടെ ഭാഗമായുള്ള പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടി കണ്ണൂരിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് എംആര്‍എസ്സ് വിദ്യാര്‍ഥിയായ എന്‍ എസ് അര്‍ജുന്‍. ചിരട്ട കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മ്മാണ മത്സരത്തില്‍ (കോക്കനട്ട് ഷെല്‍ പ്രോഡക്റ്റ് മെയ്ക്കിംഗ്) ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് വയനാട് സ്വദേശിയായ ഈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിന്റെയും ജില്ലയുടെയും അഭിമാനമായി മാറിയത്.

ചെറുപ്രായം തൊട്ടേ ചിരട്ട കൊണ്ട് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും രൂപങ്ങളും നിര്‍മിക്കുന്നതില്‍ താല്‍പര്യം കാണിച്ചിരുന്ന ഈ കൊച്ചുമിടുക്കന്‍, അഞ്ചാം ക്ലാസ്സ് മുതല്‍ ഈ മത്സരത്തില്‍ തുടര്‍ച്ചയായി എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ ജില്ലയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരനായാണ് സംസ്ഥാന മേളയില്‍ പങ്കെടുത്തതെങ്കിലും മികച്ച പ്രകടനത്തോടെ മത്സരത്തില്‍ ഒന്നാമതെത്തുകയായിരുന്നു. സ്‌കൂളില്‍ പ്രവൃത്തി പരിചയം വിഷയത്തില്‍ അധ്യാപകര്‍ ഇല്ലാതിരുന്നിട്ടും സ്വന്തം കഴിവും പരിശ്രമവുമാണ് ഈ നേട്ടത്തിന് വിദ്യാര്‍ഥിയെ അര്‍ഹനാക്കിയത്. വയനാട് സ്വദേശി അര്‍ജുന്‍ നേടിയ ഈ മിന്നും വിജയത്തില്‍ എംആര്‍എസ്സ് പ്രധാനാധ്യാപകന്‍ ജോബിഷ് എം ജോസഫ്, സൂപ്രണ്ട് എസ് ഗിരീഷ്, മറ്റ് അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. വയനാട് പുതുശ്ശേരി പുഷ്പയുടെ മകനായ അര്‍ജുന്‍ അഞ്ചാം ക്ലാസ്സ് മുതല്‍ പട്ടുവം എംആര്‍എസ്സ് വിദ്യാര്‍ഥിയാണ്.