രാജ്യത്ത് തൊഴിലും ശമ്പളവും വർധിക്കുന്നില്ലെന്ന് സമ്മതിച്ച് പ്രധാനമന്ത്രി; പ്രതിഷേധവുമായി പ്രതിപക്ഷം

ദില്ലി: കോർപ്പറേറ്റ് നികുത കുറച്ചിട്ടും തൊഴിലവസരങ്ങളും ശമ്പളവും വർധിക്കുന്നില്ലെന്ന് തുറന്നുസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷം. കോർപ്പറേറ്റ് നികുത കുറച്ചിട്ടും റെക്കോർഡ് ലാഭമുണ്ടാക്കിയിട്ടും ജീവനക്കാർക്ക് ശമ്പളവർധനവ് നൽകുന്നില്ലെന്ന് പറഞ്ഞ് സ്വകാര്യ മേഖലയെ പഴിചാരാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടേതെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി. ഫാക്ടറി തൊഴിലാളികളുടെ ശരാശരി ശമ്പളത്തിൽ 5.3 ശതമാനം മാത്രം വർധനവാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം കൂടി കണക്കിലെടുക്കുമ്പോൾ തൊഴിലാളികളുടെ യഥാർത്ഥ വരുമാനത്തിൽ ഉണ്ടായ വർധനവ് വെറും 0.7 ശതമാനം മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. 2023–24-ൽ ഇത് 0.1 ശതമാനം മാത്രമായിരുന്നുവെന്നും ഇവർ പറഞ്ഞു. 2022–23-ൽ യഥാർത്ഥ വേതനത്തിൽ 1.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറ് വർഷത്തിനിടെ അഞ്ച് വർഷവും യഥാർത്ഥ വേതന വളർച്ച 1 ശതമാനത്തിൽ താഴെയാണ്. എന്നാൽ 2025–26-ൽ നിഫ്റ്റി 500 കമ്പനികളുടെ ലാഭം ഇന്ത്യയുടെ ജിഡിപിയുടെ 5.2% എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയെന്നും പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഇന്ത്യയുടെ ജിഡിപി വളരുന്നതിനേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഈ കമ്പനികളുടെ ലാഭം വളരുന്നത്. ഒരു വശത്ത് കമ്പനികളുടെ ലാഭം ജിഡിപിയുടെ റെക്കോർഡ് നിരക്കിലേക്കാണെന്നും ഇവർ വ്യക്തമാക്കി.

