September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഇഡി ചോദ്യം ചെയ്യുന്നു

SHARE

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ ചോദ്യം ചെയ്ത ഇ ഡി. നിരോധിത ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുടെ പ്രൊമോഷൻ നടത്തി ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കേസ്. സിനിമ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല എന്നിവരും സംശയ നിഴലിൽ ആണ്.

സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും നിരന്തരമായി കാണുന്ന ബെറ്റിംഗ് ആപ്പുകളുടെ പേരുകളിൽ ഒന്നാണ് 1xBet. ഇത്തരം സൈറ്റുകൾ നിരോധിത ബെറ്റിംഗ് ആപ്പുകളിലേക്കുള്ള വ്യാജ ലിങ്കുകൾ ആണെന്നാണ് നിലവിലെ ഇ ഡിയുടെ കണ്ടെത്തൽ. ഇതുവഴി രാജ്യത്തിന് ഒരു വർഷം ഇരുപത്തിയേഴായിരം കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അവ ബെറ്റിംഗ് ആപ്പുകളിലേക്കും സൈറ്റുകളിലേക്കുമാണ് പോകുന്നത്.

യുവരാജ് സിംഗ് ഉൾപ്പെടുന്ന സെലിബ്രിറ്റികളുടെ മുഖം പ്രൊമോഷൻ ഉപയോഗിച്ച് 1xBet പോലുള്ള പ്ലാറ്റ്‌ഫോമുകൾ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ എത്താനാണ് ശ്രമിക്കുന്നത്. ഫെഡറൽ ഏജൻസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ഇവർ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, സർക്കാർ അറിയിപ്പുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം നിയമങ്ങൾ ലംഘിച്ചിട്ടുണ്ടാകാമെന്ന് സൂചനയുണ്ട്.

അതേസമയം, ചില മാധ്യമ സ്ഥാപനങ്ങളും പരിശോധനയിലാണ്. പരസ്യ കാമ്പെയ്‌നുകൾ നടത്തുന്നതിനായി വിവിധ കമ്പനികൾക്ക് 50 കോടിയിലധികം രൂപ നൽകിയതായി ഇഡി വൃത്തങ്ങൾ വ്യക്തമാകുന്നു. നിരവധി നിരോധിത ബെറ്റിംഗ്‌ ആപ്പുകളുടെ പരസ്യങ്ങളിൽ സെലിബ്രിറ്റികളാണ് പ്രധാനമുഖമായി മാറാറുള്ളത്. മെയ് മാസത്തിൽ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 25 പ്രശസ്ത നടന്മാർക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തു.

വിഷയവുമായി ബന്ധപ്പെട്ട് താരങ്ങൾ വിശദീകരണം നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ ഇ ഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ സെലിബ്രിറ്റികൾക്ക് നോട്ടീസ് അയക്കുമെന്നും ഇ ഡി അറിയിക്കുന്നു.