അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണരീതി കോളൻ കാൻസർ സാധ്യത കൂട്ടുമെന്ന് ഗവേഷകർ.

അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരം ശീലമാക്കുന്നത് കോളൻ കാൻസർ സാധ്യത കൂട്ടുമെന്ന് ഗവേഷകർ. അരിസോണ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സ്റ്റെം സെൽ റിപ്പോർട്ട്സ് ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലികളിൽ നടത്തിയ പഠനത്തിനു പിന്നാലെയാണ് ഗവേഷകർ ഈ വിലയിരുത്തലിലെത്തിയത്.ആറുമാസത്തോളം പാശ്ചാത്യരീതിയിലുള്ള കൊഴുപ്പ് കൂടിയ ഭക്ഷണരീതി നൽകി എലികളെ പരിശോധിക്കുകയാണ് ചെയ്തത്. തുടർന്നാണ് കൊഴുപ്പ് കൂടിയ ഭക്ഷണം ശീലമാക്കിയ എലികളിൽ കുടലിലെ സ്റ്റെം സെല്ലുകളുടെ വളർച്ച കൂടുകയും മറ്റ് എലികളെ അപേക്ഷിച്ച് ഇവയുടെ വളർച്ച ക്രമാതീതമായിരുന്നുവെന്നും കണ്ടെത്തിയത്. ഇവയുടെ ഡിഎൻഎയിലും മാറ്റം ഉണ്ടാകുന്നതായി കണ്ടെത്തി.സ്റ്റെം സെല്ലുകൾ കുടലിൻ്റെ ആന്തരികപാളിയുടെ ആരോഗ്യം കാക്കുന്നതിനൊപ്പം ചില ട്യൂമറുകളുടെ ഉത്ഭവസ്ഥാനമായും മാറാം. എലികളിൽ ഉയർന്ന കൊഴുപ്പടങ്ങിയ ആഹാരം ശീലമാക്കിയ വിഭാഗത്തിൽ കോളൻ കാൻസർ സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്.
കൊഴുപ്പ് കൂടിയ ഭക്ഷണക്രമം കുടലിലെ സ്റ്റെം സെല്ലുകളിൽ ശാശ്വതമായ മാറ്റങ്ങൾ വരുത്തുമെന്നും ഇത് ഭാവിയിൽ കാൻസറിനുള്ള സാധ്യത കൂട്ടുമെന്നുമാണ് ഗവേഷകർ പറയുന്നത്.
അതേസമയം കൊഴുപ്പ് കൂടിയ ആഹാരരീതി മനുഷ്യരിലും കോളൻ കാൻസർ സാധ്യത കൂട്ടുമോയെന്നതിൽ കൂടുതൽ പഠനം നടക്കേണ്ടതുണ്ട്. മനുഷ്യരുടെ ആഹാരരീതിയും ജനിതകവും മെറ്റബോളിസവും മറ്റു ജീവിതരീതിയുമൊക്കെ സങ്കീർണമായതിനാൽ ഈ പഠനം മാത്രം ആധാരമാക്കി നിഗമനത്തിലെത്താൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. ആഹാരരീതിയിൽ കൊഴുപ്പ് പാടെ ഒഴിവാക്കുന്നതും അഭികാമ്യമല്ലെന്ന് ഗവേഷകർ പറയുന്നുണ്ട്. ആരോഗ്യകരമായ ശരീരത്തിന് കൊഴുപ്പും പ്രധാനമാണ്. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതും, നാരുകൾ കുറഞ്ഞവ എന്നിവ കൂടരുതെന്നാണ് വിദ്ഗധർ പറയുന്നത്. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ധാരാളം കഴിക്കുകയും വേണം.അൾട്രാ പ്രോസസ്ഡ് ഫുഡുകളിൽ വലിയ തോതിൽ കൃത്രിമ നിറങ്ങൾ, രുചി വർധിപ്പിക്കുന്നതിനുള്ള രാസവസ്തുക്കൾ, പ്രിസർവേറ്റീവുകൾ, എമൽസിഫയറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ കുടലിലെ സൂക്ഷ്മാണുക്കളുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ (Gut Microbiome) തകിടം മറിക്കും. കുടലിലെ നല്ല ബാക്ടീരിയകൾ നശിക്കുകയും ദോഷകരമായ ബാക്ടീരിയകൾ പെരുകുകയും ചെയ്യുന്ന അവസ്ഥ കാൻസർ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും കാരണമാകും. ഇത്തരം കൃത്രിമ ഭക്ഷണങ്ങളുടെ നിരന്തരമായ ഉപയോഗം വൻകുടലിൻ്റെ ആവരണത്തിൽ വിട്ടുമാറാത്ത ഇൻഫ്ലമേഷൻ അഥവാ നീർക്കെട്ട് ഉണ്ടാക്കാൻ കാരണമാകും. നാളുകൾ നീണ്ടുനിൽക്കുന്ന ഇത്തരം നീർക്കെട്ടുകൾ വൻകുടലിൽ മാംസവളർച്ചകൾ അഥവാ പോളിപ്പുകൾ ഉണ്ടാകാനും പിന്നീട് അവ കാൻസറായി മാറാനുമുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കും. ഭക്ഷണക്രമത്തിലെ മാറ്റങ്ങൾക്ക് പുറമെ ചിട്ടയായ വ്യായാമവും ശരീരഭാരം നിയന്ത്രിക്കുന്നതും വൻകുടൽ കാൻസറിനെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും.
കോളൻ കാൻസർ
വൻകുടലിന്റെ ഭാഗമായ കോളനിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് കോളൻ കാൻസറിന് കാരണമാകുന്നത്. ലോകമാകെ അർബുദം ബാധിച്ചുള്ള മരണങ്ങളിൽ രണ്ടാമതാണ് കുടലിലെ അർബുദം. ഏറ്റവും സാധാരണയായി കാണപ്പെടുന്ന മൂന്നാമത്തെ അർബുദവും കുടലിലാണ്. രോഗത്തിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്.
സ്ഥിരമായ മലബന്ധം
സ്ഥിരമായ മലബന്ധം അരക്തസ്രാവം
മലത്തിൽ രക്തം കാണുകയോ മലദ്വാരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധവേണം. പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളിൽ ഒന്നാണിത്.
വയറുവേദന
ഗ്യാസ്, വീക്കം, അല്ലെങ്കിൽ വേദന എന്നിവ ഉൾപ്പെടെയുള്ള തുടർച്ചയായ വയറിലെ അസ്വസ്ഥത ശ്രദ്ധിക്കേണ്ട പ്രശ്നമാണ്.
കുടലിന്റെ ആരോഗ്യം
മലവിസർജ്ജനത്തിന് ശേഷം കുടൽ പൂർണ്ണമായി കാലിയായില്ല എന്ന തോന്നലും ഒരു പ്രധാന ലക്ഷണമാകാം. ട്യൂമറുകൾ കുടലിനെ ഭാഗികമായി തടസ്സപ്പെടുത്തിയേക്കാം. ഇത് കാരണമായിരിക്കാം ഇത്തരം തോന്നൽ അനുഭവപ്പെടുന്നത്.
എപ്പോഴും ക്ഷീണം
കാരണമില്ലാത്ത ക്ഷീണം അല്ലെങ്കിൽ പെട്ടെന്നുള്ള ബലഹീനത കോളൻ കാൻസറിന്റെ ആദ്യകാല ലക്ഷണങ്ങളാകാം. ഇവ ഒരുകാരണവശാലും അവഗണിക്കരുത്. വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ് ഒരു അപകടസൂചനയാണെന്ന് ഡോക്ടർ പറയുന്നു.
ശരീരഭാരം കുറയുന്നത്
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങളില്ലാതെ ശരീരഭാരം കുറയുന്നത് ഒരു മുന്നറിയിപ്പ് ലക്ഷണമാകാം.
വിളർച്ച
കോളൻ കാൻസർ മൂലമുണ്ടാകുന്ന രക്തസ്രാവം കാരണം ഇരുമ്പിന്റെ അളവ് കുറയുകയും അത് വിളർച്ചയ്ക്ക് കാരണമാക്കുകയും ചെയ്തേക്കും.
പുറംവേദന
സ്ഥിരമായ പുറം വേദന കോളൻ കാൻസറിൻ്റെ ഒരു മുന്നറിയിപ്പ് ലക്ഷണമാകാം. പലപ്പോഴും, ഇവ അവഗണിക്കപ്പെടാറുണ്ട്. രോഗം പടർന്നു കഴിഞ്ഞാലും പുറംവേദനയുണ്ടാകാം.

