July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 28, 2026

തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതി –  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30-നകം ആരംഭിക്കും

SHARE
പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയെ  വികസിപ്പിക്കുന്നതിനുള്ള സ്പിരിച്വല്‍ ടൂറിസം പ്രോജക്ടിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 30-നകം  ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ അനുവദിക്കപ്പെട്ട പ്രോജക്ട്   2026 മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പ്രോജക്ടിന്റെ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ക്കായി  നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.   പൊന്ന്യം കളരി അക്കാദമി,  താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്റെ പുനരുജ്ജീവനം, ചിറക്കകാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ  ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍,  ചൊക്ലി തെയ്യം സാംസ്കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് സ്പിരിച്വല്‍ ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്.
എല്ലാ സ്ഥലത്തും ഒരേ സമയത്ത് നിര്‍മ്മാണം ആരംഭിക്കണമെന്നും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് നിര്‍വ്വഹിക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.  ജൂണ്‍ 20-നുള്ളില്‍ സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ഉദ്ഘാടനം പൊന്ന്യം, ജഗന്നാഥ ക്ഷേത്രം, ചൊക്ലി എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ വച്ച്  ജൂണ്‍ അവസാന ആഴ്ച പൊതുമരാമത്തും ടൂറിസവും വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസിന്  സൗകര്യപ്രദമായ ദിവസം നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.
പദ്ധതിയുടെ സമയബന്ധിത പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ സഹായ സഹകരണവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സ്പിരിച്വല്‍ ടൂറിസം പദ്ധതി തലശ്ശേരിയുടെ ഹെറിറ്റേജ് ടൂറിസത്തിന്  വലിയ മുതല്‍ക്കൂട്ടാകുമെന്നും  സ്പീക്കര്‍ അഭിപ്രായപ്പെട്ടു.   കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ., ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍,   സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.