August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 15, 2026

ഗ്രാംബിയിലെ കടുവയെ മയക്കുവെടി വയ്ക്കും; തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകും

SHARE

വണ്ടിപ്പെരിയാർ ഗ്രാംബിയിലെ കടുവയെ മയക്കുവെടി വയ്ക്കും. അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വയ്ക്കുന്നത്. കടുവയെ കൃത്യമായി സ്പോട്ട് ചെയ്തു വനം വകുപ്പ്. ഇന്ന് ആറര വരെ ദൗത്യം തുടരും. മയക്ക് വെടി വച്ച് പിടികൂടി കടുവയെ തേക്കടിയിലേക്ക് മാറ്റി ചികിത്സ നൽകും. കടുവയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് ഡി എഫ് ഒ എൻ രാജേഷ് പറഞ്ഞു.

വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റ് ആറാം നമ്പർ ഫാക്ടറിക്ക് സമീപമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് കടുവയിറങ്ങിയത്. ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് നാട്ടുകാരാണ് കടുവയെ കണ്ടെത്തിയത്. ഒരു മണിക്കൂറോളം കടുവ പ്രദേശത്തുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ കടുവയെ കണ്ട വിവരം നാട്ടുകാർ വനംവകുപ്പിൽ അറിയിച്ചിരുന്നു, എന്നാൽ വനംവകുപ്പ് എത്തുന്നതിന് മുൻപ് കടുവ കാടുകയറി.

ഒരു വർഷത്തോളമായി മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. പിന്നാലെ കൂട് സ്ഥാപിച്ചു കടുവയെ പിടികൂടണം എന്ന ആവശ്യം ഉയർന്നു. പരുന്തുംപാറ, വെടികുഴി തുടങ്ങിയ പ്രദേശങ്ങളിലും കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഒരാഴ്ച മുൻപ് വള്ളക്കടവിലും നാട്ടുകാർ കടുവയെ കണ്ടിരുന്നു.