കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍.

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് വിശപ്പും ദാഹവും കൂടുന്നതും സ്കൂളിലും ട്യൂഷന് ക്ലാസിലും ഗ്രൗണ്ടിലുമൊക്കെ ഓടി നടന്ന് അവര്‍ വീട്ടിലെത്തുമ്പോഴേക്കും ചില നേരം തളര്ന്നുപോകുന്നതുമെല്ലാം വളരെ നോര്‍മലായ കാര്യങ്ങളാണ്. എന്നിരിക്കിലും അവരുടെ അമിത ദാഹം, അമിത വിശപ്പ്, വളരെ വേഗത്തില്‍ ശരീരഭാരം കുറയുന്നത്, കടുത്ത ക്ഷീണം ഒന്നും തീരെ ശ്രദ്ധിക്കാതിരിക്കരുത്. കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹം കൂടി വരികയാണ്. കുട്ടികളുടെ ശരീരത്തിലും പെരുമാറ്റത്തിലും കാണുന്ന ചില മുന്നറിയിപ്പുകള്‍ വളരെ വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് അവരുടെ റിക്കവറി എളുപ്പമാക്കും. താഴെപ്പറയുന്ന ലക്ഷണങ്ങളില്‍ ചിലതെങ്കിലും നിങ്ങളുടെ കുട്ടിയ്ക്കുണ്ടെങ്കില്‍ ഉടന്‍ രക്തപരിശോധന ഉള്‍പ്പെടെ നടത്തി ഡോക്ടറെ റിസള്‍ട്ട് കാണിച്ച് പ്രമേഹമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
ദാഹവും അമിതമായ മൂത്രശങ്കയും
വൃക്കകള്‍ അമിതമായ പഞ്ചസാരയെ പുറന്തള്ളാന്‍ ശ്രമിക്കുന്നത് മൂത്രത്തിലൂടെയാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കുമ്പോള്‍ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടമാകുന്നു. ഇത് അമിതമായ ദാഹത്തിനും കാരണമാകുന്നു. കുട്ടിയ്ക്ക് അമിതമായ മൂത്രശങ്കയും തീര്‍ത്തും സാധാരണമെന്ന് തോന്നാത്ത തരത്തില്‍ അമിത ദാഹവും കണ്ടാല്‍ ശ്രദ്ധിക്കണം.
വിശപ്പ്
ഇന്‍സുലിന്‍ കുറവ് കാരണം ഊര്‍ജത്തിനായി പേശീ മാസും കൊഴുപ്പും ശരീരത്തിന് ഉപയോഗിക്കേണ്ടി വരുന്നത് മൂലം ചില കുട്ടികളുടെ ശരീരഭാരം വളരെ പെട്ടെന്ന് കുറയുന്നതായി കാണാം. കുട്ടി സാധാരണ പോലെ തന്നെ ഭക്ഷണം കഴിക്കുന്നുമുണ്ട് എന്നാല്‍ വളരെ വേഗത്തില്‍ ഭാരം കുറയുന്നുമുണ്ട് എങ്കില്‍ ശ്രദ്ധിക്കണം. കൂടാതെ കുട്ടി എപ്പോഴും ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുകയും നന്നായി ഭക്ഷണം കഴിച്ചാല്‍ പോലും ഒരു നിറവ് തോന്നുന്നില്ലെന്ന് പറയുകയും ചെയ്താല്‍ ജാഗ്രത കാണിക്കണം.
ക്ഷീണം
സദാ സമയവും കുട്ടി ക്ഷീണിച്ച് എവിടെയെങ്കിലും കിടക്കുന്നതിനും തലകറക്കമുണ്ടാകാനും ബോധക്ഷയമുണ്ടാകാനും ഒരു കാരണം ചിലപ്പോള്‍ പ്രമേഹമാകാം.
ത്വക്ക്
ഇനി കുട്ടിയ്ക്ക് ടൈപ്പ് ടു പ്രമേഹമാണെങ്കില്‍ പിന് കഴുത്തിലും കക്ഷത്തിലും മറ്റും അസാധാരണ കറുപ്പുനിറവും അഴുക്കടിഞ്ഞത് പോലെയുള്ള ത്വക്കും ആ ഭാഗത്ത് തൊടുമ്പോള്‍ വെല്‍വെറ്റ് പോലെ മൃദുത്വവും തോന്നുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം.
പാരമ്പര്യം
കുട്ടിയ്ക്ക് മേല്‍പ്പറഞ്ഞ രണ്ടോ അതിലധികമോ ലക്ഷണങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ ഉടനടി പരിശോധനകള്‍ നടത്തുകയും ഡോക്ടറെ കാണുകയും ചെയ്യുന്നതാണ് ഉചിതം.

