പയ്യന്നൂർ പ്രസംഗം: ടി.ഐ. മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി പി. മുഹമ്മദ് ഷമ്മാസ്.

SHARE

 

മുൻ എം.എൽ.എ ടി.ഐ. മധുസൂദനൻ പയ്യന്നൂരിൽ നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.

പ്രസംഗത്തിൽ കലാപാഹ്വാനവും കൊലവിളിയും ഉണ്ടെന്നും, നിയമം കയ്യിലെടുക്കുമെന്നും നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ കഴിഞ്ഞ പയ്യന്നൂരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവാദ പരാമർശങ്ങൾ നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ചീമേനി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിട്ടും പിന്നീട് ആരും ജീവനോടെ ഉണ്ടായിട്ടില്ലെന്ന പരാമർശം, “കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കും”, “തെരുവിലിറങ്ങിയാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും” തുടങ്ങിയ വെല്ലുവിളികൾ, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്ത പരാമർശങ്ങൾ, വിമർശിക്കുന്നവരുടെയും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവരുടെയും വീടുകളിലേക്ക് വരാൻ മടിയില്ലെന്ന പ്രസ്താവന എന്നിവ ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് പരാതിയിൽ പറയുന്നു.

പ്രസംഗത്തിന്റെ പൂർണ്ണമായ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്, കലാപാഹ്വാനം, വധഭീഷണി, നീതിന്യായ വ്യവസ്ഥയെ അവഹേളിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഉചിതമായ വകുപ്പുകൾ ചുമത്തി അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ജില്ലയിലെയും സംസ്ഥാനത്തെയും ക്രമസമാധാനവും പൊതുജന സുരക്ഷയും ഉറപ്പുവരുത്തണമെന്നും മുഹമ്മദ്‌ ഷമ്മാസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.