104 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ .

പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 104 കുപ്പി മാഹി മദ്യവുമായി യുവതിയെ തളിപ്പറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തു.
തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിലെ ചിറയിൽ പുത്തൻ വീട്ടിൽ സി ശാലിനിയെ (35) ആണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ അസീസും സംഘവും അറസ്റ്റ് ചെയ്തത്.
മാഹിയിൽ നിന്നുള്ള മദ്യം പ്രതിയുടെ വീട്ടിലേക്ക് എത്തിച്ചവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. മദ്യം വീട്ടിൽ വലിയ തോതിൽ സൂക്ഷിച്ച് വെച്ച് വിൽപന നടത്താനായിരുന്നു ലക്ഷ്യമെന്ന് എക്സൈസ് വ്യക്തമാക്കി.
ലൈസൻസില്ലാതെ മദ്യം വിൽക്കുകയോ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നത് 55(i) വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്. അനധികൃതമായി കടത്തി കൊണ്ടു വന്നതാണെന്ന അറിവോടെ മദ്യം കൈവശം വയ്ക്കുന്നതിന് 58-ാം വകുപ്പ് പ്രകാരം 10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിന്റെ തുടർ നടപടികൾ സെഷൻസ് കോടതിയിൽ നടക്കും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ കെ രാജേന്ദ്രൻ, വി വി ബിജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ മുഹമ്മദ് കെ ഹാരിസ്, പി കെ രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ വിനീഷ്, ടി പ്രണവ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി ജിഷ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

