പാർട്ടി കോടതിയുടെ പേരിൽ കൊലവിളി; സിപിഎമ്മിന്റെ മാടമ്പി സംസ്കാരം ഇനിയും അവസാനിച്ചിട്ടില്ല: മാർട്ടിൻ ജോർജ് * ടി.ഐ. മധുസൂദനെതിരെ ക്രിമിനൽ നടപടിയെടുക്കണം.

കണ്ണൂർ: ഒരുകാലത്ത് ചുവപ്പുകോട്ട എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ മേൽക്കോയ്മയിൽ ഊറ്റംകൊണ്ടിരുന്ന പയ്യന്നൂരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിൽ സമനില തെറ്റിയതിൽ നിന്ന് ടി.ഐ. മധുസൂദനൻ ഇനിയും മുക്തനായിട്ടില്ലെന്നതിന്റെ തെളിവാണ് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ നടത്തിയ കൊലവിളി പ്രസംഗമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും വെല്ലുവിളിച്ച് പൊതുവേദിയിൽ പരസ്യമായി ഭീഷണി മുഴക്കിയ മധുസൂദനെതിരെ ശക്തമായ ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ പാർട്ടി അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും വഞ്ചിച്ച സിപിഎമ്മിനെതിരെ സാധാരണ പ്രവർത്തകരും പൊതുസമൂഹവും കണക്ക് ചോദിച്ചുതുടങ്ങിയിട്ടും തിരുത്താൻ തയ്യാറാകാത്ത നേതൃത്വത്തിന്റെ ധാർഷ്ട്യമാണ് മധുസൂദനന്റെ പ്രസംഗത്തിൽ പ്രകടമായത്. പാർട്ടിക്ക് സ്വന്തമായി കോടതിയുണ്ടെന്നും അവിടെ വധശിക്ഷ നടപ്പാക്കുമെന്നുമുള്ള പ്രഖ്യാപനം ഒരു ജനപ്രതിനിധിയായി പ്രവർത്തിച്ചയാളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് അത്യന്തം അപകടകരമാണ്.
ചീമേനി കേസിൽ കോടതി വെറുതെ വിട്ടവരിൽ ആരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന മധുസൂദനന്റെ പരാമർശം പാർട്ടി ക്രിമിനലുകൾക്കു പകതീർക്കാനുള്ള വ്യക്തമായ സന്ദേശമാണ്. കോടതി കുറ്റവിമുക്തരാക്കിയാലും പാർട്ടി അവരെ വെറുതെ വിടില്ലെന്ന ഭീഷണിയാണ് ഇതിലൂടെ പുറത്തുവരുന്നത്. സിപിഎം നേതാക്കൾക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനമുന്നയിക്കുന്നവരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും ഇതേ പ്രസംഗത്തിലുണ്ടായിരുന്നു. ജുഡീഷ്യറിയെയും ജനാധിപത്യ സംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് നിയമം കൈയിലെടുക്കാൻ ആഹ്വാനം ചെയ്യുന്ന പ്രാകൃത രാഷ്ട്രീയ സംസ്കാരമാണ് സിപിഎം ഇപ്പോഴും പിന്തുടരുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
ജനപ്രതിനിധിയായി പ്രവർത്തിച്ച ഒരാൾ തന്നെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയും പൊതുസമൂഹത്തിന് നേരെ ഭീഷണിയുടെ സ്വരം ഉയർത്തുകയും ചെയ്യുന്നത് കേരളത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തിന് അപമാനമാണ്. നിയമം കൈയിലെടുത്ത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാമെന്ന് കരുതുന്നവർ പിണറായി വിജയന്റെ പഴയ ഭരണകാലമല്ലെന്ന് തിരിച്ചറിയണം. അധികാരവും പാർട്ടി സംവിധാനവും ഉപയോഗിച്ച് എതിരാളികളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന ധാരണ ഇനി വിലപ്പോവില്ല.
പയ്യന്നൂരിൽ ജനങ്ങൾ എംഎൽഎയായി തെരഞ്ഞെടുത്ത വി. കുഞ്ഞികൃഷ്ണനോടും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരോടുമുള്ള അടങ്ങാത്ത പകയാണ് മധുസൂദനന്റെ പ്രസംഗത്തിലെ ഓരോ പരാമർശത്തിലും പ്രകടമായത്. കാലങ്ങളായി മധുസൂദനനെപ്പോലുള്ളവർ ഉയർത്തിപ്പിടിച്ച മാടമ്പി രാഷ്ട്രീയത്തിന് സ്വന്തം പാർട്ടിക്കുള്ളിൽനിന്നുതന്നെ തിരിച്ചടി ലഭിച്ചിട്ടും അതിൽനിന്ന് പാഠം പഠിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. കവലച്ചട്ടമ്പിയെപ്പോലെ ഭീഷണി മുഴക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ മധുസൂദനൻ തയ്യാറാകണം.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അണികളെ കൊലക്കത്തിക്ക് മുന്നിലേക്കും ജയിലുകളിലേക്കും തള്ളിവിടുകയും നേതാക്കൾ ഒരു പോറലുപോലുമേൽക്കാതെ സുഖജീവിതം നയിക്കുകയും ചെയ്യുന്ന കാലം അവസാനിക്കുകയാണ്. നേതാക്കളുടെ രാഷ്ട്രീയ അഹന്തയ്ക്കും അധികാര സംരക്ഷണത്തിനും വേണ്ടി ജീവിതം ബലികൊടുക്കേണ്ടതില്ലെന്ന് സ്വന്തം അണികൾ പോലും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഈ യാഥാർഥ്യം സിപിഎം നേതൃത്വം മനസ്സിലാക്കണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

