സ്വർണം കടത്താൻ ശ്രമം: കണ്ണൂർ സ്വദേശി പിടിയിൽ.

കോഴിക്കോട് വിമാനത്താവളത്തിൽ വിദേശത്ത് നിന്നെത്തിയ യാത്രക്കാരൻ ഷൂവിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപയോളം വില വരുന്ന സ്വർണം പോലീസ് പിടികൂടി.
കണ്ണൂർ പാതിരിയോട് സ്വദേശി അസ്സുവിനെ (47) ആണ് കരിപ്പൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്ന് പിടികൂടിയത്. 1,467 ഗ്രാമോളം തൂക്കം വരുന്ന സ്വർണ മിശ്രിതം ഇയാളിൽ നിന്ന് കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ 1.45-ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ വന്നത്. ധരിച്ചിരുന്ന ഷൂവിനുള്ളിൽ രണ്ടു സോളിലും കറുത്ത തുണി കൊണ്ട് മൂടിയാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചത്.
ഒരു സോളിൽ 733.6 ഗ്രാമും അടുത്തതിൽ 733.4 ഗ്രാമുമാണ് ഒളിപ്പിച്ചത്. പിടികൂടിയ സ്വർണവും പ്രതിയെയും പോലീസ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

