ഓവുചാൽ വഴി പഴശ്ശി പുഴയിൽ മലിനജലം ഒഴുക്കൽ:ഇരിട്ടിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധന; അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ.

ഇരിട്ടി: പഴശ്ശി പുഴയിലേക്കുംപൊതുസ്ഥലത്തേക്കും ഓവുചാൽ വഴി മലിനജലം ഒഴുക്കിവിട്ടതിനും മാലിന്യം തരംതിരിക്കാതെ കൂട്ടിയിട്ടതിനും നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനും ഇരിട്ടി ടൗണിലെ അഞ്ച് സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
പഴശ്ശി ജലസംഭരണിയിലേക്ക് എത്തുന്ന വിധത്തിൽ ഓവുചാൽ വഴി മലിനജലം ഒഴുക്കിവിട്ടതിന് ഇരിട്ടി പയഞ്ചേരി മുക്കിലെ എം ടു എച്ച് ഹോട്ടലിന് 25,000 രൂപ പിഴ ചുമത്തി. അംഗീകാരമില്ലാത്ത ഇൻസിനറേറ്റർ സ്ഥാപിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിന് എം ടു എച്ച് ഹോട്ടലിന് 5,000 രൂപ അധിക പിഴയും ചുമത്തി.
ആറ് കിലോ വ്യാജ ബയോ കാരിബാഗുകളും 300 നിരോധിത പേപ്പർ കപ്പുകളും സൂക്ഷിച്ചതായി കണ്ടെത്തിയ ടൗണിലെ ഫ്രൂട്ട് സ്റ്റാളിന് 10,000 രൂപയാണ് പിഴ. മാലിന്യങ്ങൾ തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടതിന് ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ കെ.കെ. ടൂറിസ്റ്റ് ഹോമിനും സിറ്റി ബസാറിനും 5,000 രൂപ വീതവും പിഴ ചുമത്തി.
സ്ഥാപനങ്ങൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭയ്ക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി.
സ്ക്വാഡ് എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, പി.എസ്. പ്രവീൺ, സി.കെ. ദിബിൽ , ഇരിട്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിൻസ്, മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

