ഷാജന് സ്കറിയ കേരളത്തിലെ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി; നിലപാടില്‍ മാറ്റമില്ലെന്ന് അന്‍വര്‍.

വിദ്വേഷ യൂട്യൂബര്‍ ഷാജന് സ്കറിയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍. കേരളത്തില്‍ ക്രൈസ്തവ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദിയാണ് ഷാജന് സ്കറിയ എന്നായിരുന്നു അന്‍വറിന്റെ വിമര്‍ശനം. ഷാജന് സ്കറിയയോടുള്ള നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഷാജന് സ്കറിയ കേരളത്തിലെ ഏറ്റവും വലിയ ക്രിസ്തീയ നാമധാരിയായ വര്‍ഗീയവാദിയാണ്. ഈ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അദ്ദേഹം മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണ്. ഇന്ത്യയിലെ ക്രൈസ്തവ നാമമുള്ള ഏറ്റവും വലിയ വര്‍ഗീയവാദിയാണ് എന്ന് പറയേണ്ടി വരും. അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുക എന്നതാണ്. അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് അവന് ചെയ്യുന്നത്. ഇതൊക്കെ നമ്മള് മുന്‍പും കണ്ടിട്ടുള്ളതാണ്. അത്തരത്തില്‍ പേടിക്കുന്ന വ്യക്തികള്‍ ഷാജനെ ബഹുമാനിക്കാനും ആദരിക്കാനും പോകുന്നുണ്ടാകും. എന്നെ സംബന്ധിച്ച് ആ വിഷയത്തില്‍ സ്വീകരിച്ച നിലപാട് അന്നും ഇന്നും മാറ്റമില്ല,’ പി വി അന്‍വര്‍ പറഞ്ഞു.അതേസമയം, കെടിഡിസി ചെയര്മാന് സ്ഥാനം വേണമെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്മാന് സ്ഥാനം നല്‍കണമെന്ന് തെരഞ്ഞടുപ്പിന് മുമ്പ് തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, യുഡിഎഫ് നേതാക്കള്‍ അത് സമ്മതിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരരംഗത്തിറങ്ങുന്നതിന് മുമ്പ് തന്നെ നിലവിലെ മുഖ്യമന്ത്രിയും അന്നത്തെ യുഡിഎഫ് ചെയര്‍മാനുമായ വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളോട് സംസാരിക്കുകയും വ്യക്തമായ ഉറപ്പ് ലഭിക്കുകയും ചെയ്തിരുന്നതായി അന്‍വര്‍ പറയുന്നു. സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളിലും മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലും പങ്കാളിയായ തനിക്ക് ഈ പദവിക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു വ്യവസായി എന്ന നിലയില്‍ ദീര്‍ഘകാലം ടൂറിസം സംരംഭങ്ങള്‍ നടത്തിയിട്ടുള്ള അനുഭവപരിജ്ഞാനമുണ്ടെന്നും ടൂറിസം തനിക്ക് എപ്പോഴും ഒരു ‘പാഷന്’ ആണെന്ന് നേരത്തെ പി വി അന്‍വര്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ കേരള ടൂറിസത്തെ ജനകീയമാക്കാനും സാധാരണക്കാര്‍ക്ക് ഉപജീവനം ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു.കെടിഡിസി ചെയര്മാന് പദവിക്ക് പുറമെ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കായി (സജി മഞ്ഞക്കടമ്പന് അടക്കമുള്ളവര്‍ക്കായി) മൂന്ന് ബോര്‍ഡ്-കോര്പറേഷന് അധ്യക്ഷ പദവികള്‍ കൂടി അന്‍വര്‍ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ട നാല് പദവികളില്‍ മൂന്നെണ്ണമെങ്കിലും നല്‍കണമെന്നാണ് അന്‍വറിന്റെ നിലപാട്. അന്‍വറിന്റെ ആവശ്യത്തില്‍ ഡിസംബര്‍ അവസാനിക്കുന്നതിന് മുന്നോടിയായി തീരുമാനം അറിയിക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്. അതേസമയം, കെടിഡിസി ചെയര്മാന് പദവി അന്‍വറിന് വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് തന്നെ പ്രസ്തുത പദവി ഏറ്റെടുക്കണമെന്നാണ് ഇവരുടെ വാദം.

