August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

അബുദാബിയിൽ അത്യാധുനിക കൃത്രിമക്കാൽ ശസ്ത്രക്രിയ; ആദ്യ ​ഗുണഭോക്താവായി മലയാളിയും; ഡോ. ഷംഷീർ വയലിലിന്റെ ’10 ജേർണീസിന്’ തുടക്കം

SHARE

വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതി ’10 ജേർണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോൺ ചെറിയാനാണ് അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി)പ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസ് നേതൃത്വം നൽകിയ സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ. ഷാരോണിനോടൊപ്പം പലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി. മൂന്ന് മാസങ്ങൾക്ക് മുൻപ് ബിഎംസിയിലെ അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് 2022 ലെ സിറിയൻ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ  ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേർക്ക് സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയകൾ നൽകാനുള്ള പദ്ധതി ഡോ. ഷംഷീർ പ്രഖ്യാപിച്ചത്. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളിൽ നിന്ന് തിരഞ്ഞെടുത്ത 10 പേർക്കാണ് ചികിത്സ നൽകുക. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളിൽ ഏഴ് പേർക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.